ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്നും ആംആദ്മി
ദില്ലി : മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ദില്ലി സിബിഐ ആസ്ഥാനത്തെ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് അറസ്റ്റിന് പിന്നാലെ എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്നും ആംആദ്മി ട്വീറ്ററിലൂടെ പ്രതികരിച്ചു. സിസോദിയയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് ചുറ്റും പൊലീസ് നിരോധനാജ്ഞയും വൻ സുരക്ഷയും ഏര്‍പ്പെടുത്തി.
ആംആദ്മി പാർട്ടി പ്രവർത്തകര്‍ക്കൊപ്പമാണ് രാവിലെ ചോദ്യം ചെയ്യലിനായി മനീഷ് സിസോദിയ സിബിഐക്ക് മുന്നിലെത്തിയത്. അതിന് തൊട്ടുമുമ്പ് താൻ ഭഗത് സിംഗിന്റെ അനുയായിയാണെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സിസോദിയയുടെ ട്വീറ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാളടക്കം കേന്ദ്രത്തെ അതിരൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നും കേന്ദ്രത്തിന്റെയും ബിജെപിയുടേയും ഗൂഢാലോചനയാണ് കേസെന്നുമാണ് സിസോദിയയും എഎപിയും ആവർത്തിക്കുന്നത്.
ദില്ലി മദ്യ നയ കേസിൽ എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.
സിസോദിയയെ ചോദ്യംചെയ്യും, സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ, വന്‍ പൊലീസ് സന്നാഹം
സിസോദിയയുടെ വീട്ടിലടക്കം രാജ്യത്തെ 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.
മദ്യനയ അഴിമതിക്കേസ്; സിസോദിയയെ വിടാതെ സിബിഐ, വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം
തിരിച്ചടിയായ മദ്യനയം
2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്.
അതുവരെ സർക്കാറിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവില്‍പനയില്‍നിന്നും പൂർണമായി പിന്‍മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ലെറ്റുകൾക്കാണ് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്. മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചത്.
പുതിയ സ്വകാര്യ ഔട്ലെറ്റുകളിലൂടെ മത്സരിച്ച് വില്‍പന തുടങ്ങിയതോടെ മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.
ലൈസന്‍സ് ഫീയില്‍ നല്‍കിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികൾ സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും, ഗവർണറുടെ അനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി ഗവർണർക്കും ദില്ലി മുഖ്യമന്ത്രിക്കും നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഇതോടൊപ്പം പുതുതായി ചുമതലയേറ്റ ദില്ലി ലഫ് ഗവർണർ വൈഭവ് സക്സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചു. ഗവർണർ പരാതിയില്‍ സിബിഐ അന്വേഷണത്തിന് നിർദേശം നല്‍കി. പിന്നാലെ അപകടം മണത്ത ആം ആദ്മി സർക്കാർ ജൂലൈ 30 ന് മദ്യനയത്തില്‍നിന്നും പിന്‍മാറി. ആഗസ്റ്റ് മുതല്‍ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സർക്കാർ ഔട്ലെറ്റുകളിലൂടെ മാത്രം മദ്യവില്‍പന നടത്തുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. എങ്കിലും സിബിഐ അപ്പോഴേക്കും അന്വേഷണം തുടങ്ങികഴിഞ്ഞിരുന്നു.

