
കണ്ണൂര്‍ : പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പരക്കെ ആക്രമണം. കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. വളപട്ടണം പാലത്തിന് സമീപം കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി. മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഏഴരയോടെ കല്ലേറ് ഉണ്ടായത്.
അതേസമയം കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബിജെപി ഹെഡ് ഓഫീസിന് നേരെയാണ് ഇന്നലെ രാത്രിയോടെ പെട്രോൾ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബോംബ് പൊട്ടാത്തതിനാൽ കേടുപാടുകൾ ഒന്നുമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി ബോബ് നിർവ്വീര്യമാക്കി. സ്ഥലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ആക്രമികളെ പിടികൂടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിംഗ് നടത്തുന്നത്.
അതിനിടെ കോട്ടയത്ത് കുറിച്ചി ഔട്ട് പോസ്റ്റിലും സമീപ പ്രദേശങ്ങളിലും എം സി റോഡിൽ കെഎസ്ആർടിസി ബസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ കല്ലേറിൽ നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു. സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചു.
Read More : വ്യാപക ആക്രമണം; കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam