Published : Aug 10, 2019, 08:50 AM ISTUpdated : Aug 10, 2019, 09:00 PM IST

കനത്ത മഴ: ആകെ മരണം 60 ആയി, ക്യാമ്പുകളിൽ ഒന്നേമുക്കാൽ ലക്ഷം പേർ - Live Updates

Summary

മഴക്കെടുതികളിൽ മരിച്ചവരുടെ ആകെ എണ്ണം 60 ആയി. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കനക്കും. നാളെയും മഴ അൽപം കുറഞ്ഞേക്കും. തത്സമയ വിവരങ്ങൾ ...

കനത്ത മഴ: ആകെ മരണം 60 ആയി, ക്യാമ്പുകളിൽ ഒന്നേമുക്കാൽ ലക്ഷം പേർ - Live Updates

10:10 PM (IST) Aug 10

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും നിലമ്പൂരിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. കവളപ്പാറയില്‍ മരിച്ചവരുടെ ബന്ധുക്കളയും ഇരുവരും കണ്ടു.

10:07 PM (IST) Aug 10

തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍

മഴക്കെടുതി മൂലം നേരിട്ട ഗതാഗതപ്രശ്‍നം പരിഹരിക്കുന്നതിനായി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ തൃശൂരിൽ നിന്ന് ഇന്ന് (ആഗസ്റ്റ്  10) തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തും. രാത്രി 10.30 ന് ആലപ്പുഴ വഴിയും 10.45 ന് കോട്ടയം വഴിയും 11 .30 ന് കോട്ടയം വഴിയുമാണ് സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുക.

09:53 PM (IST) Aug 10

യുവാവ് കുളത്തില്‍ വീണ് മരിച്ചു

വൈക്കം തലയാഴത്ത് 25 കാരൻ വീട്ടിലെ കുളത്തിൽ വീണ് മരിച്ചു. കണ്ടംതുരുത്ത് ഉള്ളാട്ടിൽ അരവിന്ദ് ആണ് മരിച്ചത്.

09:50 PM (IST) Aug 10

രാഹുല്‍ ഗാന്ധി നാളെ കവളപ്പാറ സന്ദര്‍ശിക്കും

വയനാട് എംപി രാഹുൽ ഗാന്ധി നാളെ കവളപ്പാറ സന്ദർശിക്കും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും. തുടർന്ന് ആദ്യം നിലമ്പൂർ സന്ദർശിക്കും. പിന്നീട് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും.
 

09:44 PM (IST) Aug 10

നിലമ്പൂർ വരെയുളള തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചു

രാജ്യറാണി എക്സ്പ്രസ് വടക്കാഞ്ചേരി വരെയും അമൃത എക്സ്പ്രസ് ഷൊർണൂർ വരെയും സർവ്വീസ് നടത്തും

09:41 PM (IST) Aug 10

കേരളത്തിന് ഉദാരമായ സഹായം നല്‍കുമെന്ന് അമിത് ഷാ

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉദാരമായ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക കെടുതികളെയും രക്ഷാപ്രവർത്തനങ്ങളെയും നിലവിലെ പ്രളയസ്ഥിതിയെയും കുറിച്ച് ഗവർണർ സദാശിവം ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, ഗവർണർ അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉരുൾപൊട്ടൽ ബാധിത ജില്ലകളിൽ കൂടുതൽ സഹായം തേടുകയും ചെയ്തിരുന്നു.

09:30 PM (IST) Aug 10

ചാലിയാർ പുഴയ്ക്ക് അക്കരെ നാല് ഊരുകളിലായി 220 ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു

ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് മറുകരയിലുള്ള 4 ആദിവാസി കോളനികളിലുള്ളവർ ഒറ്റപ്പെട്ടത്. വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, കോളനികളിലുള്ള 220 പേരാണ് നിലവില്‍ ഒറ്റപ്പെട്ട് കഴിയുന്നത്. ഇവര്‍ കാട് വിട്ട് വരില്ലെന്നാണ് പറയുന്നത്. ഇവര്‍ക്ക് ഭക്ഷണം കയറില്‍ കെട്ടിയാണ് എത്തിക്കുന്നത്.

09:14 PM (IST) Aug 10

കേരളത്തിന് 52. 27കോടി അനുവദിച്ചെന്ന് മുരളീധരന്‍

കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കഴിഞ്ഞ തവണ നല്‍കിയതില്‍ പകുതി തുക ഇപ്പോഴും സംസ്ഥാനം ചെലവാക്കിയിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍

09:09 PM (IST) Aug 10

തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ തൊട്ടിപ്പാൾ കാരുകുറ്റി വീട്ടിൽ ദേവദാസ് (70) എന്നയാളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

09:05 PM (IST) Aug 10

കവളപ്പാറയിൽ മരണം ഒമ്പത്, സംസ്ഥാനത്ത് ആകെ മരണം 60

കവളപ്പാറയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ ഒരു മൃതദേഹം കൂടി കിട്ടി. ഇതോടെ ഇവിടെ മാത്രം മരണം ഒമ്പതായി. ഇന്നലെ ഇവിടെ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് കിട്ടിയത് ആറ് മൃതദേഹങ്ങളും. ഇനി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ഇതിൽ 20 പേർ കുട്ടികളാണ്. 

വിശദമായ വാർത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

07:06 PM (IST) Aug 10

വെള്ളരിക്കുണ്ടിൽ വീട്ടിൽ കുടുങ്ങിയവരെ രക്ഷിച്ചു

കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. 58 വയസ്സുള്ള സരോജിനിയെ അൽപസമയം മുൻപാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.

06:24 PM (IST) Aug 10

കോഴിക്കോട് മരണം 14 ആയി, രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

വടകര മേമുണ്ട തിരുവള്ളൂരിൽ കരുവണ്ടിയിൽ ബാലന്‍റെ മകൻ ലിബീഷ് (32), വേളം കുറിച്ചക്കം പുത്തൻപുരയിൽ നാണുവിന്‍റെ മകൻ അനീഷ് എന്നിവരാണ് മുങ്ങി മരിച്ചത്.

06:19 PM (IST) Aug 10

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു

കാസർകോട് വെള്ളരിക്കുണ്ട് വീട്ടിനുള്ളിലേക്ക് മണ്ണിടിഞ്ഞു വീണു. ബളാൽ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്‍റെ വീട്ടിലേക്ക് ആണ് മണ്ണിടിഞ്ഞ് വീണത്. വീടിനകത്ത് ആളുണ്ടോ എന്ന് സംശയം ഉണ്ട്. തെരച്ചിൽ നടക്കുന്നു. 58 വയസ്സുള്ള സരോജിനി വീടിനകത്തു കുടുങ്ങി എന്നാണ് വിവരം. 

ഇവിടേക്കുള്ള റോഡും ഇടിഞ്ഞ അവസ്ഥയാണ്. കാസർഗോഡ് ബളാൽ കണ്ടം റോഡിന്‍റെ ചിത്രമാണിത്.

06:15 PM (IST) Aug 10

ന്യൂസ് 18 റിപ്പോർട്ടറടക്കം ഒഴുക്കിൽ പെട്ടു, രക്ഷപ്പെടുത്തി

ഒളവണ്ണ വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ്‌ 18 റിപ്പോർട്ടർ ഷഹീദ് ഉൾപ്പെടെയുള്ള 3 പേർ ഒഴുക്കിൽ പെട്ടു. ചെറുവഞ്ചിയിൽ ക്യാമ്പ്‌ നടക്കുന്ന സഫയർ സ്‌കൂളിലേക്ക് വരികയായിരുന്നു. അത് വഴി വന്ന മെഷീൻ ഘടിപ്പിച്ച മത്സ്യ ബന്ധന ബോട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.

06:13 PM (IST) Aug 10

പാലക്കാട് ഡാമുകളിൽ ഷട്ടറുകളുടെ ഉയരം കുറച്ചു

പാലക്കാട്ടെ മൂന്ന്  അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകളാണ് തുറന്നത്. കാഞ്ഞിരപ്പുഴ ഡാം ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു. മംഗലം ഡാം ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുന്നു.

കൂടുതൽ വിവരങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

05:10 PM (IST) Aug 10

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിൽ

മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.

05:02 PM (IST) Aug 10

ആകെ ഒന്നേമുക്കാൽ ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ

കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ എണ്ണം കൂടി. ഇത് വരെ 1,45,928 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആകെ 1221 ക്യാമ്പുകളാണുള്ളത്. 

05:00 PM (IST) Aug 10

കണ്ണൂരിൽ ഇന്ന് മാത്രം മരണം മൂന്നായി

മഴക്കെടുതിയിൽ കണ്ണൂർ ജില്ലയില്‍ പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 2 മരണം കൂടി റിപ്പോർട്ട് ചെയ്തു. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്‍റെ മകന്‍ ആര്‍ബിന്‍ ആണ് മരിച്ച രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62)യും വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇതോടെ ഇന്നത്തെ മരണം മൂന്നായി. 

04:58 PM (IST) Aug 10

മാവേലി, മലബാർ, മംഗളൂരു ഉൾപ്പടെ 10 ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന മാവേലി, മലബാർ, മംഗളൂരു എസ്പ്രസ്സുകൾ റദ്ദാക്കി. കൊച്ചുവേളി - ബെംഗളൂരു എക്സ്പ്രസ് വൈകിട്ട് 4.45-ന് പുറപ്പെടും. 

04:57 PM (IST) Aug 10

കോഴിക്കോട് മരണം 12 ആയി

വേങ്ങേരിയിൽ തമിഴ്‍നാട് നീലഗിരി പന്തലൂർ സ്വദേശി ഹംസ (50 വയസ്സ്) വെള്ളത്തിൽ വീണ് മരിച്ചു. ഇതോടെ ജില്ലയിൽ മരണം 12 ആയി. 

04:56 PM (IST) Aug 10

കാലിക്കറ്റ് സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 130-8-19 ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും, വൈവ ഉൾപ്പടെ മാറ്റി വച്ചതായി റജിസ്ട്രാർ അറിയിച്ചു. തീയതികൾ പിന്നീട് തീരുമാനിച്ച് അറിയിക്കും. 

04:54 PM (IST) Aug 10

റദ്ദാക്കിയ തീവണ്ടികൾക്ക് പകരം പ്രത്യേക സർവീസുകൾ

കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക തീവണ്ടികൾ:

1. 02640 - എറണാകുളം - ചെന്നൈ എഗ്മോർ എറണാകുളത്ത് നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: ripunithura, Kottayam, Changanassery, Tiruvalla, Chenganur, Kayankulam, Kollam, Varkala, Trivandrum, Nagercoil Town, Tirunelveli, Madurai, Dindigul, Tiruchirappalli,Villupuram and Tambaram.

2. 02623 - ചെന്നൈ സെൻട്രൽ - കൊല്ലം ട്രെയിൻ വൈകിട്ട് 8 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: Chennai Egmore, Tambaram, Villupuram, Tiruchirappalli, Dindigul, Madurai, Tirunelveli, Nagercoil Town, Trivandrum Central, Varkala and Kollam.

3. 06526 - ബെംഗളുരു - കൊല്ലം സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 8 മണിക്ക് പുറപ്പെടും. സ്റ്റോപ്പുകൾ: Jolarpet, Salem, Namakkal, Karur, Dindigul, Madurai, Tirunelveli, Nagercoil Town and Trivandrum. 

04:31 PM (IST) Aug 10

വടകരയിൽ യുവാവിനെ കാണാതായി

വടകര തറോപൊയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഫാസിൽ (25) എന്ന യുവാവിനെയാണ് കാണാതായത്. 

04:30 PM (IST) Aug 10

മലപ്പുറം - വേങ്ങര റോഡ് ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം കാരാത്തോട് മണ്ണിടിഞ്ഞ് മലപ്പുറം - വേങ്ങര റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. 

04:29 PM (IST) Aug 10

ചെന്നൈ എക്സ്പ്രസ് വഴി തിരിച്ചു വിടും, അഞ്ചേകാലിന് പുറപ്പെടും

തിരുവനന്തപുരം - ചെന്നൈ എക്സ്പ്രെസ് വൈകിട്ട് 5.15-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. കേരളം തൊടാതെ നാഗർകോവിൽ, തിരുനെൽവേലി വഴിയാണ് സർവീസ് നടത്തുക.

04:20 PM (IST) Aug 10

കവളപ്പാറയിൽ കാണാതായത് 63 പേരെ, ഇതിൽ 20 കുട്ടികളും

ഇതുവരെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 59 പേരെ കണ്ടെത്താനുള്ളത്. ഇതിൽ 20 കുട്ടികളുമുണ്ട്. 

തത്സമയവിവരങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക. 

കവളപ്പാറയിൽ നിന്നുള്ള വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

04:17 PM (IST) Aug 10

കവളപ്പാറയിൽ രക്ഷാ പ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

രക്ഷപ്രവ‍ർത്തനത്തിനിടെയാണ് വീണ്ടും ഉരുൾപൊട്ടിയത്. പ്രദേശവാസികൾക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണവിടെ. മണ്ണ് മാറ്റുന്നതിനിടെ ഉരുൾപൊട്ടിയപ്പോൾ നാട്ടുകാർ ഓടിരക്ഷപ്പെടുകയായിരുന്നു.

03:55 PM (IST) Aug 10

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ ഉച്ചയോടെ തുറക്കും

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് സിയാലിന്‍റെ അറിയിപ്പ്. മഴ ശക്തമായതോടെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. നേരത്തേ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വെള്ളം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതും, മഴ കുറഞ്ഞതുമാണ് വിമാനത്താവളം നേരത്തേ തുറക്കാൻ കാരണം.

03:53 PM (IST) Aug 10

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി

മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. നേരത്തേ ഉരുള്‍പൊട്ടി കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

03:48 PM (IST) Aug 10

ഇടുക്കി: മൂന്നാറില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി, സുരക്ഷിതര്‍

ഇടുക്കി, മൂന്നാറിലെ എംആർഎസ് റസിഡൻഷ്യൽ സ്കൂളിൽ നിന്ന്  കാണാതായ മുഴുന്‍ കുട്ടികളും സുരക്ഷിതരെന്ന് മൂന്നാര്‍ ഡിവൈഎസ്‍പി. ഇടമലക്കുടി, മറയൂര്‍, മാങ്കുളം എന്നീ ആദിവാസി കുടികളിലെ കുട്ടികളെയാണ് കാണാതായിരുന്നത്. മറയൂര്‍, മാങ്കുളം എന്നിവിടങ്ങളിലെ  11 കുട്ടികൾ അവരുടെ കുടികളിലെത്തിയിട്ടുണ്ട്. ഇടമലക്കുടിയില്‍ നിന്നുള്ള  12 കുട്ടികളെ രാവിലെ കണ്ടെത്തിയിരുന്നു.

03:40 PM (IST) Aug 10

ആശ്വാസം: മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കില്ല

കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. 

03:39 PM (IST) Aug 10

ആലപ്പുഴയില്‍ ആകെ 13 ക്യാമ്പുകള്‍

ആലപ്പുഴ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം 13 ആയി. ഇതിൽ ഒമ്പതെണ്ണം ചെങ്ങന്നൂരിൽ

03:38 PM (IST) Aug 10

കായംകുളം പത്തിയൂർ ക്ഷേത്രകുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

കായംകുളം പത്തിയൂർ ക്ഷേത്രകുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. മുഖം കഴുകാനായി കുളത്തിന് സമീപം എത്തിയ ആൾ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. പത്തിയൂർ സ്വദേശി ബാലൻ (55) ആണ് മരിച്ചത്. 

03:29 PM (IST) Aug 10

കാസര്‍കോട് മഴ ശക്തം: ദുരന്തസാധ്യാത മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത സാധ്യതകളുള്ള ഒരു ഭാഗത്തും ആളുകൾ ഇനിയും താമസിക്കുന്നല്ല എന്ന് ഉറപ്പ് വരുത്താൻ ആണ് ശ്രമിക്കുന്നതെന്ന് കാസര്‍കോട് ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയുടെ തെക്കൻ മേഖലകളിൽ വെള്ളപ്പൊക്കവും കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയുമാണുള്ളത്. കലക്ടറേറ്റ് ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാടേക്ക് മാറ്റിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

03:27 PM (IST) Aug 10

കോഴിക്കോട്ടേക്കുള്ള സര്‍വീസ് പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി

പാലക്കാട് ഡിപ്പോയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കും. മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടലുള്ളതിനാലും പാലങ്ങളിൽ വെള്ളം കയറിയതിനാലും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുന്നതെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റര്‍ അറിയിച്ചു.

 

03:25 PM (IST) Aug 10

കോഴിക്കോട് ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി

കോഴിക്കോട് ആവളയിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു.

03:17 PM (IST) Aug 10

മലപ്പുറം: കോട്ടക്കുന്നില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ വീണ്ടും തുടങ്ങി

മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി. മഴ കുറഞ്ഞതോടെയാണ് തെരച്ചിൽ തുടങ്ങിയത്. നേരത്തേ മഴ ശക്തമായപ്പോള്‍ തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു.

03:03 PM (IST) Aug 10

ബാണാസുര സാഗര്‍ ഡാം തുറന്നു

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

02:59 PM (IST) Aug 10

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 47 ആയി

സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മഴ കനക്കുന്നത് പുത്തുമലയിലും കളപ്പാറയിലുമടക്കമുള്ള ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

02:57 PM (IST) Aug 10

ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട്

ബാണാസുര സാഗര്‍ ഡാം തുറക്കുന്നതിനാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട്. സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുക 8500 ലിറ്റർ അഥവാ 8.5 കുസെക്‌സ് വെള്ളം. ഘട്ടം ഘട്ടമായി 10 cm വീതം 4 ഷട്ടറുകൾ തുറക്കും.