വയനാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. കൃത്യം മൂന്ന് മണിക്ക് തന്നെ അണക്കെട്ട് തുറക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നൽകിയിട്ടുണ്ട്. 

അണക്കെട്ട് തുറന്ന് സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുന്നത് 8500 ലിറ്റർ  വെള്ളമാണ്. നാല് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റര്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കരമാൻ കനാലിന്‍റെ കരകളിൽ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇനിയും മാറാൻ തയ്യാറാകാത്തവര്‍ ഉടൻ മാറപ്പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചു. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ നിലവിലുള്ളതിൽ നിന്ന് ഒന്നര മീറ്ററെങ്കിലും വെള്ളം ഉയരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നൽകുന്നത്. അതീവ ജാഗ്രതയാണ് വയനാട്ടിൽ ഇപ്പോഴുള്ളത്