Kerala Rain : സംസ്ഥാനത്ത് കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു, എല്ലാ ജില്ലകളിലും അലര്‍ട്ട്

Published : May 19, 2022, 11:25 AM IST
Kerala Rain : സംസ്ഥാനത്ത് കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു, എല്ലാ ജില്ലകളിലും അലര്‍ട്ട്

Synopsis

തൃശൂർ  രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം:  കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചു. തൃശൂർ  രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്രവാതച്ചുഴിയാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതൽ മേഘങ്ങൾ കേരള തീരത്തേക്ക് അടുക്കുകയാണ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കൂടിയതും കൂടുതൽ മഴമേഘങ്ങളെത്താൻ കാരണമാണ്. നിലവിൽ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായത്  ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്പുഴ നഗറിൽ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് കൊയിലാണ്ടിയിൽ മരം വീണ് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. മഴ കനത്തതോടെ കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. 

Also Read: തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ, വലിയ ആശങ്കയെന്ന് നാട്ടുകാര്‍

അതേസമയം, ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോൾ ഉയർത്തി വച്ച് കൂടുതൽ വെള്ളം ഒഴുക്കി. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10  ആണ് ഇടമലയാറിൽ നിന്നും ലോവർപെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതോടെയാണ് ഷട്ടർ ഉയർത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ്  ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്. പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മീങ്കര ഡാമിൽ ബ്ലൂ അലർട്ടാണ്.

Also Read: സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ: നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി

കനത്തമഴയില്‍ ഇരിങ്ങാലക്കുട കാറളത്തും പൂമംഗലത്തും കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കാറളം എട്ടാം വാര്‍ഡില്‍ പട്ടാട്ട് വീട്ടില്‍ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ എടക്കുളത്ത് ഊക്കന്‍ പോള്‍സണ്‍ മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്. കാറളം പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ കണ്ടംകുളത്തി ഈനാശുവിന്റെ കിണറിന്റെ അരിക് ഇടിഞ്ഞു. എട്ടാം വാര്‍ഡില്‍ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകര്‍ന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയാണ് മഴയില്‍ തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും എവിടേയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.

Also Read: കാലവർഷം മെയ് 27 ന് എത്തിയേക്കും, അപകടകരമായ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കണം: മന്ത്രി

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

  • കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
  • വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
  • ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .
  • ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
  • കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
  • ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
  • തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.
  • കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
  • പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
  • കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.
  • നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ