കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും; കുട്ടനാടും അപ്പർകുട്ടനാടും മുങ്ങുന്നു

Published : May 30, 2025, 08:28 PM IST
കനത്ത മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും; കുട്ടനാടും അപ്പർകുട്ടനാടും മുങ്ങുന്നു

Synopsis

നിരവധി കുടുംബങ്ങൾ ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. എടത്വയിൽ ക്യാമ്പിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

കുട്ടനാട്: ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും കാരണം കുട്ടനാടും അപ്പര്‍ കുട്ടനാടും മുങ്ങുന്നു. മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുന്നുമ്മാടി - കുതിരച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മിക്ക പഞ്ചായത്തിലും ക്യാമ്പുകൾ ആരംഭിച്ചു.

തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ 15 കുടുംബങ്ങളിൽ നിന്ന് 68 അംഗങ്ങളും, മണലേൽ സ്കൂൾ, തലവടി ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ, തകഴിയിൽ തകഴി ദേവസ്വം ബോർഡ് സ്കൂളിൽ 8 കുടുംബങ്ങളിൽ 30 അംഗങ്ങൾ, കരുമാടി ഡിബി എച്ച്എസിൽ 5 കൂടുംബങ്ങളിൽ 23 അംഗങ്ങൾ, മുട്ടാർ പഞ്ചായത്തിൽ മുട്ടാർ സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 15 കുടുംബങ്ങളിൽ 43 അംഗങ്ങൾ, വീയപുരം പഞ്ചായത്തിൽ വീയപുരം ഹയർ സെക്കൻഡറി സ്കൂളിൽ 6 കുടുംബങ്ങൾ 24 അംഗങ്ങൾ, പായിപ്പാട് എൽപി സ്കൂൾ 5 കുടുംബങ്ങൾ 11 അംഗങ്ങളും എത്തിയിട്ടുണ്ട്. 

നിരവധി കുടുംബങ്ങൾ ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. എടത്വയിൽ ക്യാമ്പിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ മുതൽ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ നെടുംമ്പ്രം, തകഴി കേളമംഗലം ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് സർവ്വീസ് നിലച്ചില്ലെങ്കിലും ചെറു വാഹനങ്ങളുടെ സർവ്വീസ് നിലച്ചിട്ടുണ്ട്. തായങ്കരി - കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും, നീരേറ്റുപുറം - കിടങ്ങാ റോഡിൽ മുട്ടാർ ജംഗ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയും എ സി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി സർവ്വീസുകൾ വ്യാഴാഴ്ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് നിലയ്ക്കാത്തതും കനത്ത മഴയും ആശങ്ക കൂട്ടുകയാണ്. ഇന്നലെ രാവിലെ മുതൽ ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ കക്കി, പമ്പാ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'