High Alert in Kerala : സംസ്ഥാനത്ത് അതീവ ജാഗ്രത, അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി

Published : Dec 20, 2021, 10:39 AM IST
High Alert in Kerala : സംസ്ഥാനത്ത് അതീവ ജാഗ്രത, അവധിയിലുള്ള പൊലീസുകാരെ തിരിച്ചു വിളിച്ച് ഡിജിപി

Synopsis

തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡിജിപി ഇന്നലെ തന്നെ നി‍ർദേശം നൽകിയിരുന്നു

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് റാലികൾക്കും മൈക്ക് അനൗൺസ്മെൻ്റിനും നിയന്ത്രണം ഏ‍ർപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയാണ് (Kerala Police Chief) ഇതുമായി ബന്ധപ്പെട്ട നി‍ർദേശം നൽകിയത്. ആലപ്പുഴ ഇരട്ടക്കൊലയുടെ (Alappuzha Double Murder) പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അതീവ ജാ​ഗ്രത പുലർത്താൻ ഡിജിപി നി‍ർദേശം നൽകിയത്. അവധിയിൽ പോയ എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥരോടും അടിയന്തരമായി ഡ്യൂട്ടിയിൽ തിരിച്ചു കയറാൻ ആവശ്യപ്പെട്ടു.  എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് ഈ നിർദ്ദേശമുള്ളത്. 

തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡിജിപി ഇന്നലെ തന്നെ നി‍ർദേശം നൽകിയിരുന്നു.  ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘർഷസാധ്യതമേഖലകളിലെല്ലാം വാഹനപരിശോധന കർശനമാക്കും. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. ഇരട്ടകൊലപാതകങ്ങളിൽ ഇൻ്റലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പൊലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഇത്തരം ആളുകളെ മുൻകരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും ഡിജിപി അറിയിച്ചു. അതേസമയം ഇരട്ടകൊലപാതകങ്ങൾ തടയുന്നതിൽ പൊലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അനിൽ കാന്ത് ഇന്നലെ പറഞ്ഞിരുന്നു. 

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പാലക്കാട്ട് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ നിർദേശം ഡിജിപി നൽകിയിരുന്നു. പാലക്കാട്ടെ ആർഎസ്എസ് നേതാവിൻ്റെ കൊലപാതകത്തിന് മറ്റേതെങ്കിലും ജില്ലയിൽ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടി. 

രണ്ട് പാർട്ടികളിലേയും അക്രമങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കണമെന്നും സംശയസ്പാദമായ സ്ഥലങ്ങളിൽ റെയ്ഡ് നടത്തണമെന്നും ഡിജിപി നിർദേശിച്ചു. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊലീസ് നിരീക്ഷണവും വിന്യാസവും ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സംഘർഷ സാധ്യതാ മേഖലകളിൽ നിരോധാനജ്ഞ പ്രഖ്യാപിക്കാനുള്ള ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരം ഐജി ഹർഷിത അത്തല്ലൂരി ആലപ്പുഴയിൽ എത്തിയിട്ടുണ്ട്. ഇരട്ടക്കൊലയിലെ തുടരന്വേഷണവും ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികൾക്കും ഐജി നേരിട്ട് മേൽനോട്ടം വഹിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു