പരസ്യത്തിനായി ക്ഷേത്രങ്ങൾ 15000 രൂപ നൽകണമെന്ന വിവാദ ഉത്തരവ്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

By Web TeamFirst Published May 30, 2023, 1:29 PM IST
Highlights

ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.

കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം നടത്താമെന്നാണോ ധാരണയെന്നും ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഉത്തരവിട്ട ദേവസ്വം കമ്മീഷണർക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു. 

കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം അറിയിച്ചുള്ള സപ്ലിമെന്‍റിലേക്ക് പരസ്യം ഇനത്തിൽ എല്ലാ ക്ഷേത്രങ്ങളും പതിനയ്യായിരും രൂപ പിരിവായി നൽകണം എന്നായിരുന്നു മലബാർ ദേവസ്വം ബോർഡിന്‍റെ ഉത്തരവ്. ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരെങ്കിലും അറിയുമായിരുന്നോയെന്നും കോടതി വാദത്തിനിടെ ചോദിച്ചു. മഞ്ചേരി സ്വദേശി നൽകിയ ഹർജിയിൽ നേരത്തെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഹർജി ജൂൺ 16 ന് വീണ്ടും പരിഗണിക്കും.

Also Read: പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്: പരാതിക്കാരൻ മരിച്ച നിലയിൽ, അന്വേഷണം

click me!