
കൊച്ചി: കേരളാ തീരത്ത് കടലിൽ എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ നാവികർക്ക് താൽക്കാലിക ആശ്വാസം. ഹർജി നൽകിയ ഏഴ് നാവികരിൽ മൂന്നുപേർക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ഹൈക്കോടതിയുടെ അനുമതി. രണ്ടുപേരുടെ കാര്യത്തിൽ തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. ക്യാപ്റ്റൻ, ചീഫ് എൻജീനീയർ എന്നിവരുടെ കാര്യത്തിൽ തീരുമാനമായില്ല.
രാജ്യം വിട്ട് പോകുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ കോടതി നാളെ ഉത്തരവിലൂടെ അറിയിക്കും. അന്വേഷണത്തിന് ഉത്തരവിടാൻ കാലതാമസം നേരിട്ടതിൽ തോപുംപടി കോടതിയോട്, ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണം നീണ്ടുപോകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
റഷ്യൻ പൗരനായ ക്യാപ്റ്റനടക്കം ഏഴുപേരാണ് കപ്പൽ ജീവനക്കാരാണ് പാസ്പോർട്ട് മടക്കിനൽകണമെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫിലിപ്പീൻസ്, യുക്രൈൻ, ജോർജിയ സ്വദേശികളായിരുന്നു മറ്റ് ജീവനക്കാർ. അപകടത്തെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവുമായി കഴിഞ്ഞ വർഷം സെപ്റ്റംബർ 12ന് മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നതായി അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 30ന് സംഭവവുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ സമർപ്പിച്ചിരുന്നതായി ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസും കോടതിയെ അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിടാൻ കാലതാമസം നേരിട്ടതിൽ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി വിശദീകരണം തേടിയത്.
2025 മെയ് 25ന് ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ ആണ് ലൈബീരിയൻ പതാകയോട് കൂടിയ എൽസ 3 കപ്പൽ അപകടത്തിൽപെട്ടത്. വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam