അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കണ്ടെടുത്തു. കെമിക്കൽ ലബോറട്ടറിയിൽ വേർതിരിച്ചെടുത്തപ്പോൾ 24 കാരറ്റ് 1246 ​ഗ്രാം സ്വർണം കണ്ടെത്തി.

കൊച്ചി: അടിവസ്ത്രത്തിൽ രണ്ട് കോടിയോളം വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശി ജംഷിദ് എന്ന യുവാവാണ് കസ്റ്റംസ് പിടിയിലായത്. അബുദാബിയിൽ നിന്നാണ് ഇയാൾ എത്തിയത്. അടിവസ്ത്രത്തിൽ പ്രത്യേകം തുന്നിയ അറയിയിലായിരുന്നു സ്വർണ മിശ്രിതം സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ജംഷീദ് എത്തിയത്. 

പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം കണ്ടെടുത്തു. കെമിക്കൽ ലബോറട്ടറിയിൽ വേർതിരിച്ചെടുത്തപ്പോൾ 24 കാരറ്റ് 1246 ​ഗ്രാം സ്വർണം കണ്ടെത്തി. 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിനു വിപണിയിൽ 1,97,22,653 രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.