
കൊച്ചി: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി. നിയമപരമായ വീഴ്ചകൾ മൂലം പ്രതിയെ കോടതി വിട്ടയച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിച്ച പൊലീസിന്‍റെ നിലപാടിനെതിരെ ഇപ്പോൾ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേസ് ഏൽപ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ റാമിനെ വിട്ടയച്ചത്.
ഏറെ ചർച്ചയായ കേസിൽ പൊലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നോ എന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും റാമും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഡോ. എം കെ റാം കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നു എന്ന വിമർശനവും ഉയർന്നുവന്നു. പണത്തിന് മീതേ പരുന്തും പറക്കില്ലേയെന്നും പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ നിലനിൽക്കുന്നതെന്നും ചോദിച്ച കോടതി, സുപ്രീംകോടതിയുടെ ഗൈഡ് ലൈൻസ് അറിയാത്തവിധമാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ആവർത്തിച്ചു.
ഒരു ഡിവൈഎസ്പി നേതൃത്വം കൊടുത്ത അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ലെന്നും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ച ഹൈക്കോടതി, ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്ന് കടുപ്പിച്ചു പറഞ്ഞു. പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും ഓർമ്മിപ്പിച്ച കോടതി, സാധാരണക്കാരന് നീതി നടപ്പാക്കാനാണ് പൊലീസെന്ന കാര്യവും ചൂണ്ടിക്കാട്ടി.
വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി, സംഭവത്തിൽ വെള്ളിയാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചു. അതിനൊപ്പം കേസിന്‍റെ രേഖകൾ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെടുകയും കേസ് പരിഗണിച്ച ജഡ്ജിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
അതേസമയം, പൊലീസിനും സർക്കാരിനും എതിരെ ഗുരുതര ആരോപണങ്ങളുമായി നിതിൻ രാജിന്‍റെ കുടുംബം രംഗത്തെത്തി. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ആസൂത്രിതമായ ഒത്തുകളിയാണ് നടന്നതെന്നും കുടുംബം കുറ്റപ്പെടുത്തി. കേസിലെ പ്രതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും തങ്ങൾക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു.
കേസ് അന്വേഷണത്തിന് നിയോഗിച്ച പുതിയ സംഘം ഇന്ന് കണ്ണൂരിലെത്തി. ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. എസ് പി കെ വി വേണുഗോപാലുമായി മോഹനചന്ദ്രൻ കൂടിക്കാഴ്ച്ച നടത്തി. ഡോക്ടർ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് അനുമതി തേടി കഴിഞ്ഞ അന്വേഷണ സംഘം തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കോടതി നിർദേശം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam