
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം. എന്നാൽ, വായ്പ തിരിച്ചടച്ച് പണയം എടുത്തു മാറ്റാൻ എത്തിയപ്പോൾ കമ്പനി ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
മോഹൻലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് തങ്ങൾ വായ്പ എടുത്തതെന്നും അതിനാൽ സേവനത്തിലെ പിഴവിന് താരത്തിന് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതി. എന്നാൽ, പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പൂർണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തിൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും നേരത്തെ മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam