
കൊച്ചി : പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെതിരായ കേസിൽ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി. ഐ ജി ലക്ഷ്മണയടക്കമുളള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് മാറ്റിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഇന്ന് ഹർജി പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
പോക്സോ പീഡന കേസിന് പിന്നിൽ 'സർക്കാരിൽ സ്വാധീനമുള്ള വിഐപി വനിത': മോൻസൻ മാവുങ്കൽ
പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തിയിരുന്നു. ക്രൈംബ്രാഞ്ച് മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ ഇവര്‍ തട്ടിപ്പിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം, സസ്പെൻഷനും വകുപ്പുതല അന്വേഷണവും തുടരുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ വിശദീകരിക്കുന്നു. മോൻസന്‍റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണെന്നാണ് ന്യായീകരണം. എന്നാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്. സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
ഐജി ലക്ഷമണയുടെ സസ്പെൻഷൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി
ഐജി ലക്ഷമണയുടെ സസ്പെൻഷൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഐജിയെ സസ്പൻറ് ചെയ്തത്. ഗുഗുലത്ത് ലക്ഷമണെക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുന്നത് ഇൻറെലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറാണ്. വകുപ്പ്തല അന്വേഷണം പൂർത്തിയാക്കാൻ ഇനിയും ആറുമാസം വേണമെന്ന് എഡിജിപി ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെൻഷൻ പുന: പരിശോധന സമിതി കാലാവധി മൂന്നു മാസം കൂടി ഉത്തരവിറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam