ആര്‍ടിപിസിആര്‍ നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി; പുനപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

By Web TeamFirst Published Oct 4, 2021, 11:33 AM IST
Highlights

കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാണ് സർക്കാർ ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി നിജപ്പെടുത്തിയത്.

കൊച്ചി: കൊവിഡ് പരിശോധനയ്ക്കുളള ആർടിപിസിആർ (RTPCR) നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി  (highcourt)  റദ്ദാക്കി. ഏകപക്ഷീയമായ തീരുമാനമെന്നാരോപിച്ച് ലാബ് ഉടമകളും ഇൻഷൂറൻസ് കമ്പനിയും നൽകിയ ഹർജിയിലാണ് നടപടി. 1700 രൂപയായിരുന്ന ആർടിപിസിആർ നിരക്കാണ് സർക്കാർ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചത്. എന്നാൽ തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായിട്ടാണ് നിരക്ക് കുറച്ചതെന്നാരോപിച്ചാണ് ലാബ് ഉടമകൾ ഹർജി നൽകിയത്. ഈ വാദം അംഗീകരിച്ച കോടതി നിരക്ക് നിശ്ചയിക്കും മുമ്പ് ലാബ് ഉടമകളുടെ ഭാഗം കൂടി സർക്കാർ കേൾക്കേണ്ടതായിരുന്നെന്ന് നിരീക്ഷിച്ചു. 

മറുഭാഗം കേൾക്കാതെയുളള ഉത്തരവെന്ന വാദം അംഗീകരിച്ചാണ് നടപടി. ലാബ് ഉടമകൾക്ക് പറയാനുളളത് കൂടി കേട്ട്  നിരക്ക് സംബന്ധിച്ച പുതിയ ഉത്തരവിറക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ രണ്ട് സാധ്യതകളാണ് ഇനി സർക്കാരിന് മുന്നിലുളളത്. ഒന്നുകിൽ കോടതി പറ‍ഞ്ഞതുപോലെ ലാബുടമകളുമായി ആലോചിച്ച് പുതിയ ഉത്തരവിറക്കുക. അല്ലെങ്കിൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിൽ അടിയന്തരമായി അപ്പീൽ നൽകുക. 

click me!