Asianet News MalayalamAsianet News Malayalam

ലഖിംപൂർ സംഭവത്തിൽ ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തു; സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം.

case registered against Ashish Mishra on Lakhimpur Kheri incident
Author
Delhi, First Published Oct 4, 2021, 9:11 AM IST

ദില്ലി: ലഖിംപൂർ സംഭവത്തിൽ (Lakhimpur Incident) പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്രമന്ത്രി അജയ്കുമാർ മിശ്രയുടെ (Ajaykumar Mishra) മകനെതിരെ കേസെടുത്തു. കൊലപാതകം (Murder) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. 

സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയുടെ അവകാശവാദം. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം. 

അതിനിടെ സംഘർഷത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. രാം കശ്യപ് എന്ന് പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ചത്.

Read More: ലഖിംപൂർ ഖേരിയിൽ പ്രതിഷേധമിരമ്പുന്നു, കൊല്ലപ്പെട്ട കർഷകരുടെ മൃതദ്ദേഹവുമായി ഉപരോധം; നേതാക്കളെ തടഞ്ഞ് പൊലീസ്

 
സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താൻ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. സംഭവം നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മരിച്ച കർഷകരുടെ മൃതദേഹവുമായി പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയാണ് ഇപ്പോൾ. 

ഭീ ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഭൂപേഷ് ബാഗെലിന്റെ വിമാനത്തിന് ലക്നൗവിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചു. അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും പൊലീസ് വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. 

ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. കളക്ട്രേറ്റുകൾ വളഞ്ഞുള്ള സമരത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ കളക്ട്രേറ്റ് വളയാനാണ് ആഹ്വാനം. 

ലഖിംപൂരിൽ നടന്നത്

മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര അവകാശപ്പെടുന്നു. സംഭവത്തിൽ നാല് കര്‍ഷകർ ഉൾപ്പെടെ 8 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം

Follow Us:
Download App:
  • android
  • ios