Asianet News MalayalamAsianet News Malayalam

പ്ലസ് വൺ സീറ്റ് വിഷയത്തിൽ സഭയിൽ ബഹളം: ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാമെന്ന് സതീശൻ

വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുട‍ർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്ക‍ർ അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതിരൂക്ഷ വിമർശനമാണ് സർക്കാരിനും വിദ്യാഭ്യസമന്ത്രിക്കും നേരെ നടത്തിയത്.

Opposition raise Plus one seat shortage issue in assembly
Author
Thiruvananthapuram, First Published Oct 4, 2021, 11:19 AM IST

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തെ (plus one seat shortage) ചൊല്ലി നിയമസഭയിൽ (kerala legislative assembly) ബഹളം.  അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിൽ (Shafi parambil) സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമെങ്കിലും സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക ബാച്ചുകൾ അനുവ​ദിക്കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി (V Sivankutty) മറുപടി നൽകി. 

വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുട‍ർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്ക‍ർ അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan) അതിരൂക്ഷ വിമർശനമാണ് സർക്കാരിനും വിദ്യാഭ്യസമന്ത്രിക്കും നേരെ നടത്തിയത്. ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്ന സതീശൻ്റെ പ്രസ്താവന നിയമസഭയിൽ ബഹളത്തിന് കാരണമായി. 

ഷാഫി പറമ്പിൽ -

നിലവിലെ ബാച്ചുകളിൽ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഇവിടുത്തെ പ്രതിസന്ധി. പുതിയ ബാച്ച് തന്നെ ചില ജില്ലകളിൽ അനുവദിക്കേണ്ടതുണ്ട്. ഇരുപത് ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. എല്ലാറ്റിലും എ പ്ലസ് നേടിയിട്ടും കുട്ടികൾക്ക് സീറ്റ് ഇല്ല എന്നത് ഗുരുതര സ്ഥിതിയാണ്. മലപ്പുറത്തു മാത്രം പതിനൊന്നായിരം കുട്ടികൾക്ക് സീറ്റില്ല. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ തലയിൽ സാമ്പത്തിക ബാധ്യത ഇടരുത്. ഇവരൊക്കെ മാനേജ്മെൻ്റ് ക്വാട്ടയിൽ പണം കൊടുത്ത് പഠിക്കേണ്ട ​ഗതിയാണ്. ഹെലികോപ്റ്ററിനെ നൽകുന്ന പരി​ഗണ എങ്കിലും കുട്ടികൾക്ക് കൊടുക്കണം. പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. മൊത്തം സീറ്റ് കണക്ക് എടുത്ത് പരിഹാരത്തിന് ശ്രമിക്കരുത്. പ്രവേശനത്തിന്റെ തോതല്ല അപേക്ഷകരുടെ എണ്ണമാണ് നോക്കേണ്ടത്. സർക്കാരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ട എന്ന നിലയിൽ ആണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ സർക്കാർ അവഗണിക്കുകയാണ്. സ്ഥിതി അതീവ ​ഗുരുതരമാണ്. പാലക്കാട് ജില്ലയിൽ മാത്രം പതിനായിരം സീറ്റുകളുടെ കുറവാണുള്ളത്. 

വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി - 

ഏഴ് ജില്ലകളിൽ ഇരുപത് ശതമാനം സീറ്റുകൾ കൂട്ടിയിട്ടുണ്ട്. നിലവിലെ സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി വച്ച് അധിക ബാച്ച് അനുവദിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധി ​ഗുരുതരമാണ്. സർക്കാരിൻ്റെ പരിമിതി മനസ്സിലാക്കണം. രണ്ടാം അലോട്മെന്റ് തീർന്ന ശേഷം സർക്കാർ സ്ഥിതി വിലയിരുത്തും. എല്ലാ അലോട്മെന്റുകളും തീരുമ്പോൾ 33000 സീറ്റുകൾ മിച്ചം വരും. എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാൻ കഴിയും. 

അടിയന്തര പ്രമേയ അനുമതി നിഷേധിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ -

രക്ഷിതാക്കളുടെ ആശങ്കയാണ് സഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്.  മന്ത്രിയുടെ കണക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. രക്ഷിതാക്കളെയും കുട്ടികളെയും നിരാശപെടുത്തുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. മാനേജ്മെൻ്റ് സീറ്റുകളിൽ കൊള്ള നടക്കുകയാണ്. പണമുള്ളവ‍ർ മാത്രം പഠിച്ചാൽ മതിയെന്നാണോ സർക്കാർ പറയുന്നത്. വി.ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയണം. 

മറുപടിയുമായി ശിവൻകുട്ടി - 

ഞാൻ സർവ്വവിജ്ഞാനകോശം കേറിയ ആളല്ല എന്ന് ശിവൻകുട്ടി. ആരാണ് സതീശനെ പ്രതിപക്ഷ നേതാവ് ആക്കിയത്? അവരുടെ ഇടയിൽ തന്നെ അതേക്കുറിച്ച് ചോദ്യം ഉയരുന്നുണ്ട്. മറ്റുള്ള എല്ലാവരോടും സതീശന് പുച്ഛമാണ്.

Follow Us:
Download App:
  • android
  • ios