ആലപ്പുഴയിൽ തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന് ലൈസൻസ് ഇല്ല; പ്രവര്‍ത്തിച്ചത് ആറ് വര്‍ഷം

By Web TeamFirst Published Jan 24, 2020, 5:01 PM IST
Highlights

2013 രേഖപ്രകാരം ആലപ്പുഴ സ്വദേശി അമ്പു ആണ് ബോട്ടിന്‍റെ ഉടമസ്ഥൻ. ഉടമയോട് ഹാജരാകാൻ മുഹമ്മ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഹാജരായിരുന്നില്ല.

ആലപ്പുഴ: ആലപ്പുഴയിൽ തീപിടുത്തം ഉണ്ടായ ഹൗസ് ബോട്ടിന് ലൈസൻസില്ലെന്ന് തുറമുഖ വകുപ്പ്. 2013 ൽ താൽക്കാലിക ലൈസൻസ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. അതിനുശേഷം ബോട്ട് മറ്റ് രണ്ടുപേർ കൂടി വാങ്ങിയെങ്കിലും ലൈസൻസ് പുതുക്കില്ലെന്ന് തുറമുഖ വകുപ്പ് അറിയിച്ചു. ബോട്ട് ഇപ്പോൾ കോട്ടയം കുമരകം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. 2013 രേഖപ്രകാരം ആലപ്പുഴ സ്വദേശി അമ്പു ആണ് ബോട്ടിന്‍റെ ഉടമസ്ഥൻ. ഉടമയോട് ഹാജരാകാൻ മുഹമ്മ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഹാജരായിരുന്നില്ല.

ഇന്നലെയാണ് ആലപ്പുഴ വേമ്പനാട്ട് കായലിൽ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീ പിടിച്ചത്. തലനാരിഴയ്ക്കാണ്  കൈക്കുഞ്ഞുങ്ങളടക്കം 13 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കോട്ടയം കുമരകം നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തൽ. 

Also Read: വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതിയിലേറെയും അനധികൃതമാണ് എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. വര്‍ഷത്തില്‍ ലക്ഷക്കണക്കിന് വിനോദസ‍ഞ്ചാരികള്‍ എത്തുന്ന അന്തര്‍ദേശീയ തലത്തില്‍ വരെ പ്രശസ്തമായ ആലപ്പുഴയിലെ ഹൗസ് ബോട്ടുകളുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ബോട്ടുകളിലില്ല. 

Also Read: ആലപ്പുഴയിലെ പകുതി ഹൗസ് ബോട്ടുകളും അനധികൃതം: പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് എസ്.പി

click me!