
തിരുവനന്തപുരം: ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാര്‍ത്ഥം കോശങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതില്‍ ശരീരം സ്വയം നടത്തുന്ന കോശസംരക്ഷണ പ്രക്രിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആര്‍ജിസിബി)ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന പഠനത്തിന് പിന്നില്‍. രാജ്യാന്തര ശാസ്ത്ര ജേണലായ 'ജേണല്‍ ഓഫ് എക്സ്ട്രാസെല്ലുലാര്‍ വെസിക്കിള്‍സി'ല്‍ പഠനം പ്രസിദ്ധീകരിച്ചു.
ന്യൂമോണിയയ്ക്കും മറ്റ് ഗുരുതരമായ അണുബാധകള്‍ക്കും കാരണമാകുന്ന ബാക്ടീരിയയാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന 'ന്യൂമോലൈസിന്‍' എന്ന വിഷവസ്തു ഒരു കോശത്തില്‍ നിന്ന് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിലെ ശാസ്ത്രീയതയാണ് പുതിയ പഠനത്തിലൂടെ പുറത്തുവന്നത്. ഭാവിയില്‍ ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകും.
ബാക്ടീരിയയിലെ വിഷവസ്തു കാരണം കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ കോശങ്ങള്‍ സ്വയം പ്രതിരോധിക്കാനായി പുറന്തള്ളുന്ന മൈക്രോവെസിക്കിള്‍സ് വഴി ഈ വിഷപദാര്‍ത്ഥം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യനിലെ പ്രതിരോധ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കണ്ടെത്തിയത്.
ആതിഥേയ കോശങ്ങളുടെ കോശസ്തരത്തില്‍ നിന്ന് ഉണ്ടാകുന്ന മൈക്രോവെസിക്കിളുകളില്‍ ന്യൂമോലൈസിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ആര്‍ജിസിബി സംഘം കണ്ടെത്തി. കോശങ്ങളുടെ മാലിന്യമായി പുറന്തള്ളപ്പെടേണ്ട ന്യൂമോലൈസിന്‍, വെസിക്കിള്‍ സ്തരവുമായി കൂടിച്ചേര്‍ന്ന് അതിന്‍റെ ജൈവിക പ്രവര്‍ത്തനം തുടരും. വെസിക്കിളുകള്‍ക്ക് തൊട്ടടുത്ത കോശങ്ങളിലേക്കെത്താനും വിഷവസ്തുവിന്‍റെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനും ഇത് വഴി ഒരുക്കും.
മാരകമല്ലാത്ത അളവില്‍ ഈ വിഷപദാര്‍ത്ഥം എത്തുമ്പോള്‍ കോശങ്ങള്‍ തങ്ങളുടെ കേടായ ഭാഗങ്ങളെ മൈക്രോവെസിക്കിളുകളാക്കി മാറ്റും. വെസിക്കിളുകളായി പുറന്തള്ളപ്പെടുമ്പോഴും ന്യൂമോലൈസിന്‍ നശിക്കാതെ അതില്‍ തന്നെ നിലനില്‍ക്കുകയും സമീപത്തുള്ള മറ്റ് ആരോഗ്യമുള്ള കോശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ വെസിക്കിളുകള്‍ അയല്‍ കോശങ്ങളുടെ ഭിത്തികളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവയുടെ ഘടനയ്ക്ക് തന്നെ മാറ്റം വരും. ഇത് ആ കോശത്തിന്‍റെ നാശത്തിന് കാരണമാകും.
ന്യൂമോണിയ അണുബാധകള്‍ ശരീരകലകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് ആര്‍ജിസിബിയിലെ സീനിയര്‍ ഗവേഷകനായ ഡോ. കാര്‍ത്തിക് സുബ്രഹ്മണ്യന്‍ പറഞ്ഞു. കോശങ്ങള്‍ തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ നടത്തുന്ന ഒരു പ്രക്രിയയിലൂടെ അബദ്ധത്തില്‍ വിഷപദാര്‍ത്ഥത്തെ പുതിയ രൂപത്തിലാക്കി അയല്‍ കോശങ്ങളിലേക്കെത്തിക്കുന്നു. ഇത് വഴി കൂടുതല്‍ കോശങ്ങളിലേക്ക് അണുബാധ പടരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഇത്തരം വെസിക്കിളുകള്‍ വഴിയുള്ള ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ പരീക്ഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഹൈദരാബാദ് ടിഐഎഫ്ആറിലെ ഡോ. ജഗന്നാഥ് മണ്ഡല്‍, ബെംഗളൂരു ഐഐഎസ്സിയിലെ ഡോ. സോംനാഥ് ദത്ത എന്നിവരുടെ സംഘവും ആര്‍ജിസിബി ഗവേഷകരുമായി സഹകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam