
കൽപ്പറ്റ: വയനാട് മുത്തങ്ങയില്‍ വൻ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. എക്സൈസ് ഇന്നലെ രാത്രിയില്‍ അതിർത്തിയില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി കെ മുനീർ ആണ് പണവുമായി പിടിയലായത്. അതിർത്തിയില്‍ നടന്ന പരിശോധനയില്‍ ആണ് ചുവന്ന ഹ്യൂണ്ടായി കാറില്‍ നിന്ന് പണം കണ്ടെടുത്തത്.
പണത്തിന്‍റെ രേഖകൾ എക്സൈസ് സംഘം ആവശ്യപ്പെട്ടെങ്കിലും മുനീറിന് നല്‍കാനുണ്ടായിരുന്നില്ല. തുടർന്നാണ് കുഴല്‍പ്പണമെന്ന് തിരിച്ചറിഞ്ഞ് ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയല്‍ എടുത്തത്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ആയിരുന്നു മുത്തങ്ങയില്‍ പരിശോധന നടന്നത്. കർണാടക ഭാഗത്തുനിന്നും കേരളത്തിലേക്ക് വരികയായിരുന്ന കാറിൽ പലയിടങ്ങളിലായി ആണ് പണം സൂക്ഷിച്ചിരുന്നത്. മുനീറിനെയും പിടികൂടിയ പണവും തുടർ നടപടികൾക്കായി എക്സൈസ് ഉദ്യോഗസ്ഥർ ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്. പണം എന്തിന് എത്തിച്ചതാണെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam