
തിരുവനന്തപുരം: ബിജെപി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്എച്ച്ഒക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫീസിനു മുൻപിൽ ധർണ ഇരിക്കുമെന്ന് ശാസ്തമംഗലം കൌണ്‍സിലർ ആർ ശ്രീലേഖ. സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ശ്രീലേഖ വാട്സ് ആപ്പിലാണ് സന്ദേശം അയച്ചത്. താൻ ഇപ്പോഴും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫേസ് ബുക്കിൽ കുറിച്ചു.
നെട്ടയത്ത് ഇന്നലെയാണ് ബിജെപി - പൊലീസ് സംഘർഷമുണ്ടായത്. നെട്ടയം മലമുകളിൽ ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാൾ നഗ്നതാ പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്‍റെ ഭാര്യയാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതിൽ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടരുകയായിരുന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും നടന്നതോടെ സംഘർഷം രൂക്ഷമായി. ഒരു പൊലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് ചെയ്തു. ഇതോടെ പ്രവർത്തകർ ചിതറിയോടി. ബിജെപി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധമുയർന്നു. ആറു ബിജെപി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ജീപ്പിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. പ്രതികളെ എ ആർ ക്യാമ്പിൽ കൊണ്ടുവന്നപ്പോൾ ബിജെപി നേതാക്കളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam