
വയനാട്: മുട്ടിൽ മരം മുറി നടന്ന മേപ്പാടി റേഞ്ചിൽ വീണ്ടും മരംമുറി നടന്നത് ഗുരുതര വീഴ്ചയെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോയൽ തോമസ്. കൃഷ്ണഗിരിയിലെ അനധികൃത മരമുറി ചൂണ്ടിക്കാണിച്ചാണ് പിസിസിഎഫിന്റെ വിമർശനം. അനധികൃത മരംമുറി തടയാൻ കൂടുതൽ ജാഗ്രത പാലിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശം നൽകി. ഫീൽഡ് പരിശോധന നടത്തിയ ശേഷമേ മരംമുറിക്ക് അനുമതി നൽകാവൂ. വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒറിജിനൽ രേഖകളുമായി ഒത്തുനോക്കണം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന ഒറിജിനൽ രേഖകൾ ലഭ്യമാക്കുന്നതിന് തഹസിൽദാർക്കും വില്ലേജ് ഓഫീസർമാർക്കും കർശന നിർദേശം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും പിസിസിഎഫ് നിർദേശിച്ചു.
സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥലങ്ങളിലെയും മരങ്ങളുടെ പരിശോധന നടത്താൻ ഡിഎഫ്ഒമാർക്കും റേഞ്ച് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അനധികൃത മരം മുറി ഉണ്ടാകുന്നില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം. മുട്ടിൽ മരം മുറി നടന്ന മേപ്പാടി റെയ്ഞ്ചിൽ തന്നെ വീണ്ടും മരം മുറി നടന്നത് ഗുരുതര വീഴ്ചയായി കാണുന്നതായി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോയൽ തോമസ് വ്യക്തമാക്കി. കൃഷ്ണഗിരിയിലെ അനധികൃത മരമുറിയുടെ പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്.
കൃഷ്ണഗിരി വില്ലേജിലെ സ്വകാര്യ തോട്ടത്തിലെ മരംമുറിയിൽ കൃഷ്ണഗിരി വില്ലേജ് ഓഫീസർ അബ്ദുൾ സലാമിനെ ജില്ലാ കളക്ടർ എ. ഗീത നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഭൂരേഖകൾ പൂർണമായും പരിശോധിക്കാതെ ഈട്ടി മരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന് കണ്ടെത്തയതിനെ തുടർന്നായിരുന്നു നടപടി. അനധികൃതമായി മുറിച്ച ഈട്ടി മരങ്ങൾ റവന്യൂ വകുപ്പ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കൃഷ്ണഗിരിയിലെ അനധികൃത മരം മുറി; ഒത്താശ ചെയ്ത വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ മരം കൊള്ള ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് നടപടികൾ തുടങ്ങിയത്. കോടികൾ വിലമതിക്കുന്ന മുറിച്ചിട്ട 13 ഈട്ടി മര തടികൾ കസ്റ്റഡിയിലെടുത്തു. മരതടികൾ എസ്റ്റേറ്റിൽ നിന്ന് കടത്തുന്നതിന് മുൻപ് ബത്തേരി തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കൃഷ്ണഗിരി വില്ലേജ് ഓഫീസറുടെ പിന്തുണയോടെ സർക്കാർ ഭൂമിയിൽ നിന്ന് സംരക്ഷിത മരങ്ങൾ മുറിച്ചെന്നാണ് ബത്തേരി തഹസിൽദാരുടെ കണ്ടെത്തൽ. ഈ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടയാണ് വില്ലേജ് ഓഫീസർക്കെതിരെ നടപടി എടുത്തത്. മരം മുറിക്കാൻ അപേക്ഷ നൽകിയ പാണ്ടാ ഫുഡ്സ് കമ്പനി ഉടമകൾക്കെതിരെയും കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ കേസെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംരക്ഷിത മരങ്ങൾ മുറിക്കാൻ ഒത്താശ ചെയ്തവർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രകൃതി സംഘടനകൾ കത്തയച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam