Asianet News MalayalamAsianet News Malayalam

വയനാട്ടിൽ വീണ്ടും അനധികൃത മരംമുറി; വില്ലേജ് ഓഫീസറുടെ ഒത്താശയോടെ മുറിച്ചത് കോടികൾ വിലമതിക്കുന്ന സംരക്ഷിത മരങ്ങൾ

വില്ലേജ് ഓഫീസറുടെ ഒത്താശയോടെ കൃഷ്ണഗിരിയിലെ റവന്യൂ ഭൂമിയിലുള്ള സംരക്ഷിത മരങ്ങൾ മുറിച്ചു. പാണ്ട ഫുഡ്സ് കമ്പനി ഉടമകൾ ജന്മം ഭൂമിയാണെന്ന അവകാശവാദമുന്നയിച്ചാണ് കോടികൾ വിലമതിക്കുന്ന വീട്ടി മരങ്ങൾ മുറിച്ചത്. 

Illegal tree  felling again in wayanad asianetnews exclusive
Author
Wayanad, First Published Aug 24, 2022, 9:51 AM IST

വയനാട്: മുട്ടിൽ മരം മുറിക്ക് ശേഷം വയനാട്ടിൽ വീണ്ടും അനധികൃത മരം മുറി. വില്ലേജ് ഓഫീസറുടെ ഒത്താശയോടെ കൃഷ്ണഗിരിയിലെ റവന്യൂ ഭൂമിയിലുള്ള സംരക്ഷിത മരങ്ങൾ മുറിച്ചു. പാണ്ട ഫുഡ്സ് കമ്പനി ഉടമകൾ ജന്മം ഭൂമിയാണെന്ന അവകാശവാദമുന്നയിച്ചാണ് കോടികൾ വിലമതിക്കുന്ന വീട്ടി മരങ്ങൾ മുറിച്ചത്. മരം കൊള്ള തുറന്നുകാട്ടി ബത്തേരി തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. ഏഷ്യാനെറ്റ് ന്യൂസ് എസ്ക്ലൂസീവ്...

സംരക്ഷിത മരങ്ങളാൽ ചുറ്റപ്പെട്ട വയനാട് കൃഷ്ണഗിരിയിലെ മലന്തോട്ടം എസ്റ്റേറ്റ്. പാണ്ട ഫുഡ്സ് കമ്പനിയുടെ ഫാക്ടറിക്ക് അടുത്തുള്ള റവന്യൂ ഭൂമിയിലെ കോടികൾ വിലമതിക്കുന്ന 13 വീട്ടി മരങ്ങളാണ് മുറിച്ചത്. 36 വീട്ടി മരങ്ങൾ മുറിക്കുന്നതിനായാണ് മൂന്ന് മാസം മുൻപ് പാണ്ട ഫുഡ്സ് കമ്പനി ഉടമകൾ മേപ്പാടി റെയ്ഞ്ച് ഓഫീസറെ സമീപിച്ചത്. ജന്മം ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നൽകിയത്. കൃഷ്ണഗിരി വില്ലേജ് ഓഫീസർ വനം വകുപ്പിന് അനുമതി നൽകുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ കട്ടിംഗ് പെർമിഷനും കടത്തു പാസും കിട്ടി. മരം കൊള്ളയെ കുറിച്ച് ബത്തേരി തഹസിൽദാർക്ക് രഹസ്യ വിവരം ലഭിച്ചതോടെ മരം മുറി നിർത്തി വെക്കാൻ സ്റ്റോപ്പ് മെമോ നൽകി. എന്നാൽ ജന്മം ഭൂമിയാണെന്ന് രേഖകളിൽ നിന്ന് വ്യക്തമായത് കൊണ്ടാണ് സംരക്ഷിത മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്ന് കൃഷ്ണഗിരി വില്ലേജ് ഓഫീസർ പറയുന്നു.

റവന്യൂ വകുപ്പ് ജന്മം ഭൂമിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയത് കൊണ്ടാണ് വീട്ടി മരം മുറിക്കാൻ അനുമതി നൽകിയതെന്ന് മേപ്പാടി റെയ്ഞ്ച് ഓഫീസർ പറഞ്ഞു. എന്നാല്‍, വില്ലേജ് ഓഫീസറുടെ വാദങ്ങളെ പൂർണമായി തള്ളുകയാണ് ബത്തേരി തഹസിൽദാർ. വീട്ടി മരങ്ങൾ മുറിച്ചത് പട്ടയം ലഭിക്കാത്ത സർക്കാർ ഭൂമിയിൽ നിന്നാണ്. മേലധികാരികളെ റിപ്പോർട്ട് ചെയ്യാതെയാണ് മരം മുറിയ്ക്ക് അനുമതി നൽകിയതെന്നും ബത്തേരി തഹസിൽദാർ സ്ഥലത്ത് നേരിട്ടെത്തി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുറിച്ച മരങ്ങൾ കസ്റ്റഡിയിലെടുക്കുന്നതിനും ഭൂസംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും വില്ലജ് ഓഫീസർക്ക് തഹസിൽദാർ നിർദേശം നൽകി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios