
തൃശൂർ: വ്യാജ ഐജി ചമഞ്ഞ് പൊലീസിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും കൈപ്പറ്റിയ പ്രതിക്ക് 10 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോട്ടുകര വടക്കുമുറി സ്വദേശിയായ ഭാനുകൃഷ്ണ എന്നുവിളിക്കുന്ന മിഥുനാണ് (28) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപയും 16 പവന്‍റെ സ്വർണാഭരണങ്ങളും കൈക്കലാക്കിയ കേസിലാണ് വിധി. പിഴ ഒടുക്കിയാൽ ആ തുക പരാതിക്കാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ ഒടുക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കണം.
2018 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണ്ണുത്തി സ്വദേശിനിയുടെ മകന് പൊലീസിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പൊലീസ് ജീപ്പ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാഹനത്തിൽ യൂണിഫോമിൽ പ്രതി ഐജിയെന്ന വ്യാജേന പരാതിക്കാരിയുടെ വീട്ടിലെത്തി. 5 ലക്ഷം രൂപയും 16 പവൻെറ സ്വർണാഭരണങ്ങളും പ്രതി കൈക്കലാക്കി.
മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒ രതീഷ് പി എം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു. മുപ്പതോളം രേഖകളും മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ എ, അഡ്വക്കേറ്റ് ഋഷിചന്ദ് എന്നിവർ ഹാജരായി. കോർട്ട് ലൈസൺ ഓഫീസർ സീനിയർ സിവിൽ പൊലീസ് ഓഫീസർ സംഗീത് എം ഡി പ്രോസിക്യൂഷനെ സഹായിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam