
തിരുവനന്തപുരം: ഐഎൻഎൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇന്നലെ നടന്നത് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും താൻ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയാണെന്നും ദേവർകോവിൽ പറഞ്ഞു. താൻ പാർട്ടിയുടെ ഭാഗത്താണെന്ന് പറഞ്ഞ മന്ത്രി ഐഎൻഎൽ അഖിലേന്ത്യാ സംവിധാനമാണെന്ന് ആവർത്തിച്ചു.
ഐഎൻഎല്ലിലെ തർക്കം തത്കാലം ദേവർകോവിലിൻ്റെ മന്ത്രി സ്ഥാനത്തെ ബാധിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പക്ഷെ ഇരു വിഭാഗത്തേയും ഇപ്പോൾ എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ല.
ഇന്നലെ കൊച്ചിയിൽ വച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ കൊവിഡ് ചട്ടങ്ങൾ അടക്കം ലംഘിച്ച് നടന്ന യോഗത്തിലാണ് ഐഎൻഎല്ലിൽ പൊട്ടിത്തെറിയുണ്ടായത്. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡണ്ട് എ പി അബ്ദുൾ വഹാബും തമ്മിൽ പരസ്പരം വാക് പോരുണ്ടായ ശേഷമാണ് പുറത്ത് കൂട്ടത്തല്ല് നടന്നത്. ഇതിന് പിന്നാലെ ഇരു വിഭാഗവും വേറേ വേറേ യോഗം ചേരുകയും പരസ്പരം പുറത്താക്കുകയും ചെയ്തു.
അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാർട്ടിയിലെ പ്രബല വിഭാഗം അബ്ദുൾ വഹാബിനൊപ്പമാണ്. ഐഎൻഎല്ലിന്റെ 112 കൗൺസിൽ അംഗങ്ങളിൽ 72 പേർ കൂടെയുണ്ടെന്നും 62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നുമാണ് അബ്ദുൾ വഹാബിന്റെ അവകാശവാദം. ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് വച്ച് പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചേരുമെന്നും വഹാബ് അറിയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ തല്ലിപിരിയുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാഗം പാർട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാർട്ടി സംസ്ഥാന പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിളർപ്പ് പൂർത്തിയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam