Asianet News MalayalamAsianet News Malayalam

പാലാരിവട്ടം അഴിമതിക്കേസ് അട്ടിമറിച്ചു? ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ സംഘത്തലവനെ നീക്കി

അന്വേഷണ വിവരങ്ങള്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് എഎസ്ഐ ഇസ്മായിലിനെതിരെയും നടപടി. ഇസ്മായിലിനെ വിജിലന്‍സില്‍ നിന്ന് തന്നെ നീക്കി. 

vigilance changed officer who investigate Palarivattom Flyover Scam
Author
Kochi, First Published Oct 14, 2019, 10:46 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അട്ടിമറിയെന്ന് സംശയം. കേസില്‍ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി. ആദ്യഘട്ട അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവന്‍. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്.

പിന്നീട് പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കവേ, കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ഉത്തരവിട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഡലക്ഷ്യമുണ്ടന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ രേഖകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍ ആ ഘട്ടത്തില്‍ തന്നെ വിജിലന്‍സ് ശേഖരിച്ചിരുന്നു. 
എന്നാല്‍ പിന്നീട് രണ്ടുമാസം പിന്നിട്ടിട്ടും ഇബ്രാഹിം കുഞ്ഞിനെതിരെ ഒരു തുടര്‍നടപടിയും അന്വേഷണ സംഘത്തലവനായ അശോക് കുമാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതായി പ്രൊസിക്യൂഷന്‍ ഭാഗത്ത് നിന്നുള്‍പ്പെടെ പരാതികള്‍ ലഭിച്ചു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് അന്വേഷണ ചുമതലയില്‍ നിന്ന് അശോക് കുമാറിനെ മാറ്റി ഉത്തരവിറക്കിയത്. 

കോട്ടയം യൂണിറ്റിലെ ഡിവൈഎസ്പി എന്‍ കെ മനോജ് ഉള്‍പ്പടെ മറ്റ് മൂന്ന് പേരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് എഎസ്ഐ ഇസ്മായിലിനെ വിജിലന്‍സില്‍ നിന്ന് തന്നെ നീക്കി. അന്വേഷണ സംഘത്തിലെ അംഗമായ എഎസ്ഐ ഇസ്മയില്‍ അന്വേഷണം അട്ടിമറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇസ്മായിലിന്‍റെ പല നടപടികളും സംശയത്തിനിടയാക്കിയിരുന്നു. അന്വേഷണ വിവരങ്ങള്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക്  ചോര്‍ത്തി നല്‍കുന്നതായും കണ്ടെത്തി. തുടര്‍ന്ന്  വിജിലന്‍സില്‍ നിന്ന് തന്നെ നീക്കിയ ഇസ്മായിലിനെ ലോക്കല്‍ പൊലീസിലേക്ക് മാറ്റി ഉത്തരവിടുകയായിരുന്നു. അശോക് കുമാറിനും ഇസ്മായിലിനും എതിരെ വകുപ്പ്തല അന്വേഷണത്തിനും സാധ്യതയുണ്ട്. 
 

Follow Us:
Download App:
  • android
  • ios