
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് വിവാദ ഐപിഎസ് ഉദ്യോഗസ്ഥൻ വി ജി വിനോദ് കുമാറിനെ മാറ്റി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്ന ഡിജിപിയുടെ സ്പെഷ്യൽ ടീമിൽ ആണ് വി ജി വിനോദ് കുമാറിനെ നിയമിച്ചിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് തൊട്ടുപിന്നാലെ ഉത്തരവ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകുകയായിരുന്നു.
പോക്സോ കേസ് അട്ടിമറി, വാഹനാപകടക്കേസിലെ വ്യാജ എഫ്ഐആർ, വനിതാ എസ്ഐമാർക്ക് അശ്ലീല സന്ദേശം അയക്കൽ തുടങ്ങി പലവിധ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് പത്തനംതിട്ട മുൻ എസ്പി ആയിരുന്ന വി ജി വിനോദ് കുമാർ. അത്രയും കുപ്രസിദ്ധനായ ഉദ്യോഗസ്ഥനെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എസ്പി ആയി അടുത്തിടെ സർക്കാർ നിയമിച്ചു. സേനയ്ക്ക് ഉള്ളിൽ ഏറെ അമർഷം ഉണ്ടാക്കിയ നടപടിക്ക് പിന്നാലെയാണ് അടുത്ത ഉത്തരവ് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇറങ്ങിയത്.
മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിൽ ഒരു സ്പെഷ്യൽ ടീമിനെ രൂപീകരിച്ചിരുന്നു. അതിലെ പ്രധാന ചുമതലക്കാരന്റെ തസ്തികയിലേക്കാണ് എസ്പി വിനോദ് കുമാർ എത്തിയത്. പോക്സോ കേസ് അട്ടിമറിയിൽ വിനോദ് കുമാറിനെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ട അതെ സമയത്താണ് ഇത്തരമൊരു തസ്തികയിലേക്ക് വിവാദം നിയമനം നടന്നത്. മാത്രമല്ല, വിനോദ് കുമാറിനെതിരെ മുമ്പ് വകുപ്പ് തല അന്വേഷണം നടത്തിയ ഡിവൈഎസ്പിമാർ അടക്കം പല ഉദ്യോഗസ്ഥരും ഇപ്പോൾ സർക്കാരിന്റെ ഗുഡ് ബുക്കിൽ ഉണ്ട്. അവർക്ക് എതിരെ നീങ്ങാനും പുതിയ ചുമതല വിനോദ് കുമാർ ഉപയോഗിക്കും എന്ന ആശങ്കയും ഉയർന്നു.
വിവാദ ഉത്തരവ് വിനോദ് കുമാർ തന്നെ മുൻകൈ എടുത്ത് ഇറക്കിയത് ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെടുകയും ഉത്തരവ് റദാക്കാൻ ഡിജിപിക്ക് നിർദേശം നൽകുകയുമായിരുന്നു. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എസ്പി ആയി വി ജി വിനോദ് കുമാർ വന്ന വഴിയും അന്വേഷിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam