
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുരുക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗ്ഗാദത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് മാത്രമാണ് പ്രവർത്തിച്ചത്. വർഷങ്ങൾക്ക് ശേഷം ആരോപണം ഉയർന്നത് സംശയാസ്പദമെന്നും പ്രതികൾ ഹര്‍ജിയില്‍ പറയുന്നു.
സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷിക്കുന്ന സിബിഐ ദില്ലി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി. നാളെ പരാതിക്കാരായ നമ്പിനാരായണൻ്റെ മൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സിബിഐ ഓഫീസിലാകും മൊഴിയെടുക്കുക. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിഐജി സന്തോഷ് ചാൽക്കേ നാളെ തിരുവനന്തപുരത്തെത്തും. ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും 18 ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. പ്രതിചേർക്കപ്പെട്ടവർ മുൻ കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യ ഹർജിയെ എതിർക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്ന സൂചനയുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam