വ്യത്യസ്തരായി തൊടുപുഴയിലെ യാക്കോബായക്കാർ, തർക്കമില്ലാതെ പള്ളി ഓർത്തഡോക്സിന്

By Web TeamFirst Published Oct 20, 2019, 10:21 AM IST
Highlights

തൊടുപുഴയിലെ നൂറോളം യാക്കോബായ കുടുംബങ്ങളുടെ ഇടവകയായിരുന്ന പള്ളി സുപ്രീംകോടതി വിധി മാനിച്ച് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറി. പകരം തൊടുപുഴ മങ്ങാട്ടുകവല ബൈപ്പാസിലെ വാടക കെട്ടിടത്തിൽ പുതിയ പള്ളി തുറന്നു. 

തൊടുപുഴ: ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറി തൊടുപുഴയിലെ യാക്കോബായ വിശ്വാസികൾ. സുപ്രീംകോടതി വിധി മാനിച്ച് തർക്കത്തിന് നിൽക്കാതെ തൊടുപുഴയിലെ പള്ളി കൈമാറുകയായിരുന്നു. തൊടുപുഴയിലെ നൂറോളം യാക്കോബായ കുടുംബങ്ങളുടെ ഇടവകയായിരുന്ന പള്ളി, സുപ്രീംകോടതി വിധി മാനിച്ചാണ് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്. പകരം തൊടുപുഴ മങ്ങാട്ടുകവല ബൈപ്പാസിലെ വാടക കെട്ടിടത്തിൽ പുതിയ പള്ളി തുറന്നു.

ഓർത്തഡോക്സ് വിഭാഗവുമായി ഭാവിയിലുണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാൻ പാത്രിയർക്കീസ് ബാവായുടെ കീഴിൽ യാക്കോബായ സഭയിൽ പ്രവർത്തിക്കുന്ന പൗരസ്ത്യ സുവിശേഷ സമാജത്തിന്‍റെ പേരിലാണ് പുതിയ പള്ളി. 1949ലെ ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാണ് പൗരസ്ത്യ സുവിശേഷ സമാജം. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി സുവിശേഷ സമാജത്തെ സ്വതന്ത്ര സംഘടനയായി അംഗീകരിച്ചിട്ടുണ്ടെന്ന് യാക്കോബായക്കാർ പറയുന്നു. സംസ്ഥാനത്ത് പള്ളികളും വൃദ്ധമന്ദിരങ്ങളുമായി അമ്പതോളം സ്ഥാപനങ്ങൾ സുവിശേഷ സമാജത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സമാജത്തിന്‍റെ പേരിൽ സ്ഥലം വാങ്ങി തൊടുപുഴയിൽ പുതിയ പള്ളി പണിയുന്നതിനെ കുറിച്ചും യാക്കോബായക്കാർ ആലോചിക്കുന്നുണ്ട്. 
 

click me!