Asianet News MalayalamAsianet News Malayalam

ജസ്ന ജീവിച്ചിരിപ്പുണ്ടോ? കേസിൽ ഇനിയെന്ത്? വിരമിക്കുമ്പോൾ കെ ജി സൈമണിന് പറയാനുള്ളത്

കൊവിഡുൾപ്പടെയുള്ള പ്രശ്നങ്ങൾ വന്നതിനാലാണ് ജസ്ന മരിയ ജയിംസിന്‍റെ തിരോധാനക്കേസ് നീണ്ടുപോയതെന്ന് പറയുന്നു, വിരമിക്കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ. അതല്ലെങ്കിൽ കേസ് തെളിയിച്ച് കേരളത്തിന് മുന്നിൽ സത്യം തുറന്ന് പറയാൻ കഴിയുമായിരുന്നെന്ന് കെ ജി സൈമൺ ഏഷ്യാനെറ്റ് ന്യൂസിനോട്.

kg simon on jesna missing case as he retires
Author
Pathanamthitta Town, First Published Dec 31, 2020, 3:59 PM IST

പത്തനംതിട്ട: ജസ്ന തിരോധാനക്കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസ് ശേഖരിച്ചുകഴിഞ്ഞതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ ഐപിഎസ്. ജസ്ന എങ്ങോട്ടാണ് പോയത്, പ്രവർത്തനരീതികൾ എങ്ങനെയായിരുന്നു, ആരൊക്കെയായാണ് ബന്ധമുണ്ടായിരുന്നത്, പത്തനംതിട്ടയ്ക്ക് പുറത്ത് മറ്റ് ജില്ലകളിലും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ജസ്നയും സ്വന്തം കുടുംബവുമായി എന്തായിരുന്നു ബന്ധമെന്നതുൾപ്പടെയുള്ള കാര്യത്തിൽ കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം ജസ്ന തിരോധാനക്കേസ് അന്വേഷണം ഫലം കാണുമെന്നും സത്യം ഉടൻ വെളിപ്പെടുത്താൻ കഴിയുമെന്നും കെ ജി സൈമൺ വ്യക്തമാക്കി. 

അതേസമയം, കേസിൽ നല്ല പുരോഗതിയുണ്ടായപ്പോഴാണ് കൊവിഡ് വന്നതും ലോക്ക്ഡൗൺ സംഭവിച്ചതും. അതിനാലാണ് കേസന്വേഷണം പലപ്പോഴും തടസ്സപ്പെട്ടതെന്നും ഇന്ന് വിരമിയ്ക്കുന്ന കെ ജി സൈമൺ ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ഇന്നത്തെ വർത്തമാന'ത്തിൽ പറഞ്ഞു.

അതേസമയം, ജസ്ന ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് താനിപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു കെ ജി സൈമണിന്‍റെ മറുപടി. തനിക്കതേക്കുറിച്ച് ഒന്നും ഇപ്പോൾ പറയാനാകില്ല. കേസിന്‍റെ രഹസ്യസ്വഭാവം പരിഗണിച്ച് വളരെയധികം കാര്യങ്ങൾ തുറന്ന് പറയുന്നതിന് പരിമിതികളുണ്ട്. പക്ഷേ, കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്നാമ്പുറവിവരങ്ങളും ശേഖരിച്ചുകഴിഞ്ഞതായും കെ ജി സൈമൺ വ്യക്തമാക്കുന്നു. 

പ്രധാനപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്തു, പക്ഷേ..

ചോദ്യം ചെയ്യലുൾപ്പടെയുള്ള കാര്യങ്ങൾ മാസ്ക് വച്ചുകൊണ്ട് ചെയ്യാനാകില്ല. ചോദ്യം ചെയ്തയാളുടെ മുഖത്ത് വരുന്ന മുഖഭാവങ്ങൾ പോലും പ്രധാനമാണ്. അത് അറിയാതെ വിശദമായ ചോദ്യം ചെയ്യൽ നടക്കില്ല. 

കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്തുകഴിഞ്ഞപ്പോഴാണ് അവർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വ്യക്തമായത്. അവരെ കൂട്ടിക്കൊണ്ടുവരാൻ പോയ പൊലീസുദ്യോഗസ്ഥർക്കും ഇപ്പോൾ പനിയാണെന്ന് വിവരം കിട്ടുന്നു. അത്തരത്തിൽ വലിയ വെല്ലുവിളികളും കേസന്വേഷണത്തിനിടെയുണ്ടാകുന്നുണ്ട്. 

ജസ്നയുടെ തിരോധാനം പോലുള്ള കേസുകളിൽ നല്ല ഹോംവർക്ക് ആവശ്യമാണ്. ജസ്നയുടെ കേസുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ വിവരങ്ങളാണ് കിട്ടിയിട്ടുള്ളത്. ജസ്ന ബന്ധുഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട് എവിടെ വരെയെത്തി, എവിടെയെല്ലാം പോയി, ആരെയെല്ലാമാണ് കണ്ടത് എന്നതടക്കമുള്ള വിവരങ്ങൾ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ചെന്നൈയിലെ ലാബിൽ അയച്ചാണ് ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ അടക്കം കണ്ടെത്തിയത്. എന്നാൽ കേസിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി തൽക്കാലം വിവരങ്ങൾ പലതും പുറത്തുവിടാനാകില്ലെന്നും കെ ജി സൈമൺ പറയുന്നു.

മാതൃകാസേവനത്തിന് അഭിനന്ദനപ്രവാഹം

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകപരമ്പരയടക്കം 52 കൊലക്കേസുകളാണ് കെ ജി സൈമണിന്‍റെ അന്വേഷണബുദ്ധിയിൽ മറനീക്കി തെളിഞ്ഞത്. അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസ്, ഈരാറ്റുപേട്ടയിൽ തെരുവിലലഞ്ഞ സ്ത്രീ കൊല്ലപ്പെട്ട കേസ്, ചങ്ങനാശ്ശേരിയിലെ മഹാദേവൻ എന്ന 13-കാരന്‍റെ തിരോധാനം 18 വർഷത്തിന് ശേഷം അന്വേഷിച്ച് കണ്ടെത്തിയതിലൂടെ മറ്റൊരു കൊലപാതകം കൂടി കെ ജി സൈമൺ തെളിയിച്ചു. നാട്ടിലെ സൈക്കിൾ വർക്ക്ഷോപ്പുകാരനാണ് മഹാദേവനെ കൊന്ന് കുളത്തിൽ താഴ്ത്തിയത്. ഇതിന് സഹായിയായ ആൾ പണം ചോദിച്ചു തുടങ്ങിയതോടെ അയാളെയും സയനൈഡ് നൽകി കൊന്ന് കുളത്തിൽ താഴ്ത്തി. 

വിരമിച്ച ശേഷം താനും കുടുംബവും തൊടുപുഴയിലെ കയ്യാലയ്ക്കകത്ത് വീട്ടിലേക്ക് തന്നെ മടങ്ങുമെന്ന് കെ ജി സൈമൺ പറയുന്നു. 1984-ൽ തുമ്പ എസ്ഐ ആയിട്ടാണ് കെ ജി സൈമൺ ഔദ്യോഗികജീവിതം തുടങ്ങിയത്. 2012-ൽ ഐപിഎസ് ലഭിച്ചു. 

നല്ലൊരു സംഗീതപ്രേമി കൂടിയാണ് കെ ജി സൈമൺ ഐപിഎസ്. തൊടുപുഴ എള്ളുപുറം പള്ളിയിലെ ക്വയർ മാസ്റ്റർ. കീബോർഡ് നന്നായി വായിക്കും. ഔദ്യോഗികജീവിതത്തിന്‍റെ സമ്മർദ്ദങ്ങൾക്കിടയിൽ സമാധാനത്തിനായി സംഗീതം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് കെ ജി സൈമൺ പറയുന്നു.

ഭാര്യ അനില സൈമൺ പൊതുവിദ്യാഭ്യാസ വകുപ്പിൽ അഡീ. ഡയറക്ടറായി വിരമിച്ചു. അവിനാശ്, സൂരജ് എന്നിവരാണ് മക്കൾ.

കെ ജി സൈമണുമായുള്ള അഭിമുഖം പൂർണരൂപം:

Follow Us:
Download App:
  • android
  • ios