Asianet News MalayalamAsianet News Malayalam

ജെസ്നയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്, സിബിഐ അന്വേഷണം ഏറ്റെടുത്ത് ഒരു വർഷമായിട്ടും എങ്ങുമെത്താതെ കേസ്

2018 മാർച്ച് 22  നാണ് കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്. പിന്നീട് വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല.

CBI issued look out notice in Jesna Missing Case
Author
Kottayam, First Published Apr 1, 2022, 7:39 AM IST

കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ (Jesna Mariya James) കണ്ടെത്താനാകാതെ ലുക്ക് ഔട്ട് നോട്ടീസ് (Look Out Notice) പുറപ്പെടുവിച്ച്  സിബിഐ (CBI). പ്രാദേശികമായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. ജെസ്നയുടെ തിരോധാനം സിബൈഐ ഏറ്റെടുത്ത് ഒരു വർഷം പൂ‍ർത്തിയായതിന് ശേഷമാണ് പുതിയ നടപടി. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബഐയെ ഏൽപ്പിച്ചത്.

2018 മാർച്ച് 22  നാണ് കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്. പിന്നീട് വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുട‍ർന്ന് കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 

ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22-ന് ജെസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജസ്‍നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി.

ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അന്വേഷണത്തിൽ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം മാത്രം എങ്ങുമെത്തിയില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. 

Follow Us:
Download App:
  • android
  • ios