ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തത്തിന്

Published : Nov 29, 2019, 01:13 PM ISTUpdated : Nov 29, 2019, 03:46 PM IST
ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം മഹാകവി അക്കിത്തത്തിന്

Synopsis

നാരായണ മന്ത്രാക്ഷരിയാണ് ഇന്ന് മഹാകവിക്ക് കൂട്ട്. വെളിച്ചത്തെയും ഇരുട്ടിനെയും നോക്കി മഹാദർശനം ചൊല്ലിത്തന്ന കവി അങ്ങനെ സാഹിത്യത്തിൽ അംഗീകാരത്തിന്‍റെ പരമോന്നതപീഠം കയറുന്നു.

ദില്ലി: മഹാകവി അക്കിത്തത്തിന് ഈ വർഷത്തെ ജ്ഞാനപീഠപുരസ്കാരം. ഈ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. 

''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന് ഏതാണ്ട് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്‍റെ ആത്മീയത. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്‍റെ കവിതകളും.

 

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18-നാണ് അച്യുതൻ നമ്പൂതിരിയുടെ ജനനം. വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്‍റെയും മകൻ. ചെറുപ്പത്തിൽത്തന്നെ സംസ്കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം തേടി. വി ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തിൽ യോഗക്ഷേമസഭയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി. 

 

1956 മുതൽ കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിന്‍റെ എഡിറ്ററാണ്. 1985-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു.  

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രധാനം ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം തന്നെ. ബലിദർശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, മനഃസ്സാക്ഷിയുടെ പൂക്കൾ, അരങ്ങേറ്റം, പഞ്ചവർണ്ണക്കിളി, സമത്വത്തിന്‍റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹമെഴുതി. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളെഴുതി. ''ഈ ഏട്ത്തി നൊണേ പറയൂ'', എന്ന കുട്ടികൾക്കുള്ള നാടകം പ്രശസ്തമാണ്. 

ബലിദർശനത്തിന് 1972-ൽ കേരളസാഹിത്യ അവാർഡ് ലഭിച്ചു. പിന്നാലെ 1973-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും. ഓടക്കുഴൽ, സഞ്ജയൻ, എഴുത്തച്ഛൻ പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. 

അക്കിത്തം എന്ന സർനെയിം ഇന്ന് പ്രശസ്തമാണ്. ചിത്രകാരൻ അക്കിത്തം നാരായണനാണ് കവിയുടെ സഹോദരൻ. മകൻ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. 

അക്കിത്തത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത പാദമുദ്ര എന്ന പരിപാടി കാണാം:

അക്കിത്തം കുടുംബത്തിലെ മൂവരെയും കുറിച്ചുള്ള പ്രത്യേകപരിപാടി ഇവിടെ: 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'