പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം: എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി

By Web TeamFirst Published May 18, 2019, 12:47 PM IST
Highlights

പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. 

കോട്ടയം: കേരള കോണ്‍ഗ്രസ് (എം)ന്‍റെ ചെയർമാൻ ഉൾപ്പടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി. കേരള കോൺഗ്രസിലെ തർക്കം മുറുകുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് മാണി വിഭാഗം രംഗത്തെത്തിയത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും ജോസ് കെ മാണി പറഞ്ഞു. പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. 

അതേസമയം കേരള കോൺഗ്രസ് (എം) പുതിയ ചെയർമാനെ കണ്ടെത്താനുള്ള  തെരഞ്ഞെടുപ്പിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം കോടതിയെ സമീപിച്ചിരുന്നു. അന്തരിച്ച മുൻ ചെയർമാൻ കെ എം മാണിയുടെ അനുസ്‌മരണത്തിന്‍റെ മറവിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു കൊല്ലം ജില്ലാ  ജനറൽ സെക്രട്ടറി മനോജ് കോടതിയെ സമീപിച്ചത്.  ഹർജിയെ തുടർന്ന്  തിരുവനന്തപുരത്തെ മാണി അനുസ്‌മരണത്തിനിടെ പുതിയ ചെയർമാനെ തെരെഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഈ നടപടി ദുരൂഹമെന്ന് താത്കാലി ചെയർമാൻ പി ജെ ജോസഫ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. പാർട്ടി ചെയർമാൻ പദവിയും പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കില്ലെന്നും താൻ ഏതു പദവി വഹിക്കണമെന്ന് പാർട്ടി തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം കോടതിയെ സമീപിച്ച മനോജിന്‍റെ പാർട്ടി അംഗത്വം റദ്ദാക്കാൻ പാർട്ടി തീരുമാനിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അംഗത്വം റദ്ദാക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!