കോണ്‍ഗ്രസ് കടുത്ത അനീതി കാട്ടി, ചതിച്ചു, ഇനി ഇടതിനൊപ്പം; നയം പ്രഖ്യാപിച്ച് ജോസ് കെ മാണി

By Web TeamFirst Published Oct 14, 2020, 11:06 AM IST
Highlights

രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാ‍ർത്താ സമ്മേളനത്തിൽ അറിയിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം. കേരളാ കോൺഗ്രസ് ചരിത്രത്തിൽ വീണ്ടുമൊരു മുന്നണിമാറ്റം.

കോട്ടയം: കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാ‍ർത്താ സമ്മേളനത്തിൽ അറിയിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം. 

എന്നാൽ തോമസ് ചാഴിക്കാടൻ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവിൽ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവർത്തിച്ചു. 

വർഗീയ ശക്തികളെ തടഞ്ഞ് നിർത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്നും ജോസ് കെ മാണി പറയുന്നു. കൊവിഡിലും കാർഷിക പ്രശ്നങ്ങളിലും ഇടത് മുന്നണി അനുഭാവപൂർണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ്.

യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് വിഭാഗം ഒടുവിൽ ഇടത് പക്ഷത്തേക്ക് ചേക്കേറുകയാണ്. പാർട്ടിയിൽ തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം കൂടെ കൂട്ടിയാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം. റോഷി അഗസ്റ്റിൻ, എൻ ജയരാജ് ,തോമസ് ചാഴിക്കാടൻ എന്നിവർ ജോസിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

38 വർഷക്കാലം ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചർച്ച ചെയ്യാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു. 

കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പിജെ ജോസഫിന് യുഡിഎഫ് നേതാക്കൾ മൗനമായി സഹായം ചെയ്തുവെന്നും ജോസ് ആരോപിക്കുന്നു. 

വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോൺഗ്രസിനെ പുറത്താക്കിയതെന്നും, തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാൻ ആത്മാ‌ർത്ഥമായ ശ്രമമുണ്ടായില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. 

വ്യക്തമായ അജണ്ടയോട് കൂടിയാണ് കേരളാ കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചത്. ഒരു അജണ്ടയുടെ മുന്നിലും പാർട്ടിയെ അടിയറവ് വയ്ക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും ജോസ് കെ മാണി.

ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം തത്സമയം

 

click me!