
കോഴിക്കോട്: നിലപാടുകളുടെ കണിശതയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് നടൻ ജോയ് മാത്യു. ഞാൻ കോൺഗ്രസുകാരനല്ല. ആവാനും കഴിയില്ല. ഇവിടെ എല്ലാവരും വെള്ളക്കുപ്പായം ഇടുമെന്നറിഞ്ഞാണ് കറുപ്പ് ഇട്ടത്. ഒരു ലിബറൽ ഡെമോക്രാറ്റ് ആണ് ഞാൻ. കോൺഗ്രസ് സഹിഷ്ണുത കാണിക്കുന്നു. മറ്റൊരു പാർട്ടിയുണ്ട്. വലിയ അസഹിഷ്ണുത പുലർത്തുവർ. ആ പാർട്ടിക്ക് എതിരെയാണ് ഷൗക്കത്ത് മത്സരിച്ചത്. അതിനാലാണ് അവിടെ പോയത്. ഷൗക്കത്ത് ഒരു കലാകാരനാണ്. അവിടെ പോയില്ലെങ്കിൽ ധാർമികമായി തെറ്റാവുമായിരുന്നുവെന്നും ജോയ് മാത്യുവിന്റെ പ്രതികരണം. ജോയ് മാത്യു: 'നിലമ്പൂർ കേരളത്തോട് പറയുന്നത് ' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലൂടെയാണ് പ്രതികരണം.
സാംസ്കാരിക പ്രവർത്തകരാണെന്ന് പറഞ്ഞ് കുറച്ച് പേർ പോയി. ആദ്യം സാംസ്കാരിക പ്രവർത്തനം എന്താണെന്ന് അറിയണം. വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ സംസാരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകർ. ബാക്കിയുളളവർ കൂലി എഴുത്തുകാരാണ്. മുഖ്യമന്ത്രിയെ വിമർശിച്ച എം.ടി നടത്തിയതാണ് സാംസ്കാരിക പ്രവർത്തനം. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് സതീശന്റെ നിലപാടിലെ കണിശതയാണെന്നും അതിന് വിഡി സതീശനെ സല്യൂട്ട് ചെയ്യുന്നുവെന്നും ജോയ് മാത്യു. അൻവർ 9 കൊല്ലം ജനപ്രതിനിധിയായിരുന്നു. അത്തരം ഒരാൾക്ക് കിട്ടേണ്ട വോട്ടെ കിട്ടിയിട്ടുള്ളൂ. ഏതൊരു എം എൽ എയ്ക്കും ഇരുപതിനായിരം വോട്ട് കിട്ടും. അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാൽ താൻ വിമർശിക്കും എന്നും ജോയ് മാത്യു. ഷൗക്കത്തിൻ്റെ സിനിമ പാഠം ഒന്ന് വിലാപം അല്ല ഇനി, 2026 കോൺഗ്രസിന് പാഠം ഒന്ന് വിജയമെന്നാക്കാം എന്നും ജോയ് മാത്യുവിന്റെ പ്രതികരണം.
സുരേഷ് ഗോപി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്. തൻ്റെ ജീവൻ കൊടുക്കും. കിഡ്ണി വേണമെങ്കിൽ അതും നൽകും, പക്ഷെ തൻ്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേത്. അതിനാൽ വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ലെന്ന് ജോയ് മാത്യു പ്രതികരിച്ചു. എം സ്വരാജിന്റെ പുസ്തകം വിക്കിപീഡിയിൽ നിന്നാണെന്ന് പറയുന്നുണ്ട്. സ്വരാജ് നല്ല മനുഷ്യനും പാർട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവർത്തകനല്ലെന്നും ജോയ് മാത്യുവിന്റെ വിമർശനം.