കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ജാഗ്രത നിര്‍ദേശം

Published : Jun 27, 2025, 10:43 AM IST
dam shutters

Synopsis

പാലക്കാട് മലമ്പുഴ ഡാമിന്‍റെയും വയനാട് ബാണാസുര സാഗര്‍ ഡാമിന്‍റെയും ഷട്ടറുകൾ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്.

പാലക്കാട്/വയനാട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗര്‍ ഡാം എന്നിവയാണ് ഇന്ന് രാവിലെ 10 മണിയോടെ തുറന്നത്. 

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത്. കൽപ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കക്കയം ഡാമിൽ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റർ തുറന്നിരുന്നു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇടുക്കിയിലെ മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊൻമുടി അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. പാറ ഇടിഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് നാളെ വരെ മൂന്നാർ ഗ്യാപ് റോഡിലൂടെയുള്ള രാത്രിയാത്രകൾക്ക് നിരോധമുണ്ട്. തൊടുപുഴയുൾപ്പെടെ കഴിഞ്ഞ ദിവസം വെള്ളക്കെട്ടുണ്ടായിരുന്ന താഴ്ന്ന പ്രദേശങ്ങൾ സാധാരണ നിലയിലായി.

കനത്ത മഴ തുടരും

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ്. കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. നാളെ വരെ മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും