പൊലീസ് ഗുണ്ടകളെ പോലെ പെരുമാറി, ആസൂത്രിത ആക്രമണം; ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും മർദ്ദനമേറ്റ ജോയ്

By Web TeamFirst Published Apr 21, 2022, 8:31 PM IST
Highlights

സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പൊലീസ് മൃഗീയമായ ആക്രമണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ആണ്ടൂർക്കോണത്ത് പൊലീസ് ആസൂത്രിത ആക്രമണമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം നടത്തിയവരോട് നടത്തിയതെന്ന് മർദ്ദനത്തിനിരയായ ജോയ്. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനിപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ഇതുവരെ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പൊലീസ് മൃഗീയമായ ആക്രമണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയത്. ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. പൊലീസ് ആസൂത്രിതമായാണ് ആക്രമിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് മുൻവിധിയോടെയുള്ള പെരുമാറ്റമാണെന്നും ഈ സമീപനം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവസരം എല്ലാർക്കുമുണ്ട്. അതാണ് തങ്ങളും ചെയ്തത്. എന്നാൽ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടു. ഇപ്പോഴും തനിക്ക് നെഞ്ചുവേദനയുണ്ട്. അടിവയറ്റിലും മർദ്ദനമേറ്റു. ഇവിടെയും കഴുത്തിലും കലശലായ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറാണ് സമരത്തിനിടെ ജോയിയെ ആക്രമിച്ചത്.

കണിയാപുരത്ത് കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ന്യൂസ് അവറിൽ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എച്ച് സലാം എംഎൽഎ പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി പരാതി അന്വേഷിക്കുന്നുണ്ട്. ഈ സംഭവത്തെ ന്യായീകരിക്കുന്നില്ല. അതല്ല സിപിഎം നിലപാട്. മർദ്ദിക്കരുതെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റൂറൽ എസ് പിയാണ് ഷബീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

click me!