'ഇടത് സർക്കാർ കേരളത്തിന് ഭീഷണി'; പോക്ക് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കെന്ന് ജെ പി നദ്ദ

By Web TeamFirst Published Sep 26, 2022, 6:04 PM IST
Highlights

കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്ന് ജെ പി നദ്ദ വിമര്‍ശിച്ചു. കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം.

തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണെന്ന് ജെ പി നദ്ദ വിമര്‍ശിച്ചു. കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ, സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി. നവരാത്രി ഉത്സവത്തിന്‍റെ ആരംഭദിനത്തിലാണ് പാർട്ടി നേതാക്കൾക്ക് ഒപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാൻ ഇന്നലെയാണ് ജെ പി നദ്ദ കോട്ടയത്ത്‌ എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് നദ്ദ തിരുവനന്തപുരത്തേക്ക് പോയത്.

അതിനിടെ, തിരുവനന്തപുരത്ത് ബിജെപി നേതാക്കൾക്കെതിരെ വിമര്‍ശനവുമായി സേവ് ബിജെപി ഫോറത്തിന്‍റെ പേരിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ശിവൻകുട്ടി, ജനറൽ സെക്രട്ടറി എം ഗണേശൻ എന്നിവര്‍ക്കെതിരെ പാര്‍ട്ടിതല അന്വേഷണം വേണമെന്നാണ് ആവശ്യം. സംസ്ഥാന കാര്യാലയം നിര്‍മ്മിക്കുന്നതിന്‍റെ മറവിൽ സ്വന്തമായി വീടുവച്ച നേതാവിനെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. ബിജെപി ജില്ലാ ഓഫീസ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് നേതാക്കളെ വെട്ടിലാക്കിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

സംസ്ഥാന ഓഫീസ്, ജില്ലാകമ്മിറ്റി ഓഫീസ്, തൈക്കാട്, ഭാഗങ്ങളിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി ഇന്നലെ രാത്രി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നദ്ദയ്ക്ക് സ്വാഗതം ഓതി സ്ഥാപിച്ച ഫ്ലക്സിലും ബിജെപി ചുവരെഴുത്തുള്ള മതിലിലുമാണ് പോസ്റ്റര്‍ പതിച്ചത്.  നേതാക്കൾക്കെതിരായ വിമര്‍ശനമുള്ള പോസ്റ്റര്‍ ഉടൻ തന്നെ നീക്കം ചെയ്തു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് പോസ്റ്ററിന് പിന്നിലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.  

click me!