
തിരുവനന്തപുരം: ഇനി കോടതിയുടെ തീരുമാനം എന്തുതന്നെയായാലും ബെയ്ലിൻ ദാസിനെ അറസ്റ്റ് ചെയ്തതോടെ തനിക്ക് നീതി ലഭിച്ചുവെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ അടിച്ചെന്ന് ബെയ്ലിൻ സമ്മതിച്ചു. അതോടെ തന്നെ തനിക്ക് നീതി ലഭിച്ചു. ഓഫീസില്‍ തന്നെ മര്‍ദിച്ചതിന് സാക്ഷികളുണ്ട്. അവരിൽ ആരൊക്കെ സാക്ഷിപറയുമെന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. എന്നെ അടിച്ചുവെന്നതാണ് എന്‍റെ പരാതി. അടിച്ചെന്ന് ബെയ്ലിൻ ദാസ് സമ്മതിച്ചുകഴിഞ്ഞു. ഇനി ഇത്തരത്തിൽ ഒരാള്‍ക്കു പോലും അനുഭവമുണ്ടാകരുത്. ആര്‍ക്കും ആരെയും കൈനീട്ടി അടിക്കാനോ ഉപദ്രവിക്കാനോ അവകാശമില്ല.
അഭിഭാഷക ജോലിയുടെ ആദ്യ വര്‍ഷങ്ങള്‍ വളരയധികം ബുദ്ധിമുട്ടേണ്ടിവരും. കഷ്ടപ്പെട്ടാലും കാര്യങ്ങള്‍ പഠിക്കാനാണ് പലരും പലതും സഹിക്കുന്നത്. ഇനി ഇത്തരം അനുഭവം ആര്‍ക്കെങ്കിലും ഉണ്ടായാൽ അവരും മുന്നോട്ടുവരണമെന്നാണ് പറയാനുള്ളതെന്നും അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു. ബാര്‍ അസോസിയേഷൻ യോഗത്തിലെ തീരുമാനങ്ങള്‍ എന്താണെന്ന് അറിയില്ല.
യോഗത്തിൽ തനിക്കെതിരെ ആരോപണങ്ങളെ ഉയര്‍ന്നിരുന്നുവെന്നാണ് അറിയാനായത്. അതെക്കുറിച്ചൊന്നും പ്രതികരിക്കാനില്ല. തന്‍റെ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ല. എല്ലാവരും തന്‍റെ കൂടെ ഒറ്റക്കെട്ടായി നിൽക്കുന്നുണ്ട്. കോടതിയിലെ ചില അഭിഭാഷകര്‍ അഡ്വ. ബെയ്ലിൻ ദാസിനൊപ്പം നിൽക്കുന്നുണ്ട്. അതിലൊന്നും തനിക്ക് പറയാനില്ല. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ബെയ്ലിൻ ദാസ് കുറ്റം സമ്മതിച്ചതോടെ തന്നെ തനിക്ക് നീതി ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും അഡ്വ. ശ്യാമിലി ജസ്റ്റിൻ പറഞ്ഞു.
അഭിഭാഷകയെ ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ അഡ്വ. ബെയ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ഏഴ് മണിയോടെ ഓൾട്ടോ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് ബെയ്‌ലിൻ ദാസിനെ പിടികൂടിയത്. സഹോദരൻ്റെ KL-19 J 7177 വണ്ടിയിൽ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്.
അഭിഭാഷകയെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് നഗരത്തിനകത്തും പുറത്തും വല വിരിച്ചിരുന്നു. ഇതിനിടെ പ്രതിയുടെ സഹോദരനെ ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളുടെ കാറിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയതോടെ കാറിനായി തിരച്ചിൽ തുടങ്ങി. അതിനിടെ ഇന്നലെ വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന ഡാൻസാഫ് സംഘത്തിന് മുന്നിലൂടെ പ്രതിയും സുഹൃത്തും ഇതേ കാറിൽ പോയി.
ഡാൻസാഫ് സംഘം കാറിനെ ബൈക്കിൽ പിന്തുടർന്നു. ഒപ്പം വിവരം തുമ്പ പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇവിടെ നിന്നുള്ള പൊലീസ് സംഘവും പ്രതിയെ തേടി ഡാൻസാഫ് പറഞ്ഞ വഴിയേ പുറപ്പെട്ടു. വേളിയിൽ നിന്നാണ് കാർ ഡാൻസാഫ് സംഘം കണ്ടെത്. പിന്തുടർന്ന് സ്റ്റേഷൻ കടവിൽ എത്തിയപ്പോഴേക്കും തുമ്പ പൊലീസ് ഇവിടെയെത്തി കാർ തടഞ്ഞു. പിന്നാലെ ബെയ്‌ലിൻ ദാസിനെ കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam