ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്. സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. റോയി എന്ന സംരംഭകന്‍റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
കൊച്ചി: ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി സംരഭകനായിരുന്നു സി ജെ റോയ്. ഐടി കമ്പനിയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ചാണ് തൊണ്ണൂറുകളുടെ അവസാനപാദത്തില്‍ റോയ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങിയത്. അസാധാരണമായ പ്രതിസന്ധികള്‍ നേരിട്ട് വിജയിച്ച റോയി എന്ന സംരംഭകന്‍റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്. ആഡംബരങ്ങളുടെയും സുഖലോലുപതയുടെയും നടുവില്‍ നിന്നുകൊണ്ട് സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. കുടുംബവേരുകള്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിലാണെങ്കിലും ചിരിയന്‍കണ്ടത്ത് ജോസഫ് റോയ് ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബെംഗളൂരുവിലാണ്. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലൻ്റിലും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റോയ് എച്ച് പി എന്ന വമ്പന്‍ ഐടി സ്ഥാപനത്തിലെ പ്ലാനിങ് വിഭാഗത്തില്‍ ജോലിയില്‍ ചേര്‍ന്നുകൊണ്ടാണ് കരിയര്‍ തുടങ്ങിയത്.
ജോലി ഉപേക്ഷിച്ച് 1997ല്‍ റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങുമ്പോള്‍ ആത്മവിശ്വാസമായിരുന്നു റോയിയുടെ മുഖ്യ മൂലധനം. അതിവേഗത്തിലായിരുന്നു കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെയും റോയിയുടെയും വളര്‍ച്ച. ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് വിജയഗാഥ റോയ് കേരളത്തിലേക്കും കടലിനക്കരെ ദുബൈയിലേക്കും പടര്‍ത്തി. 165ലേറെ വമ്പന്‍ ഫ്ലാറ്റ് പ്രോജക്റ്റുകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച റോയ് സിനിമയടക്കം മറ്റ് പല മേഖലകളിലേക്കും തന്‍റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു.
കാസിനോവയും അനോമിയുമടക്കം മലയാളത്തിലും കന്നഡയിലും തെലുങ്കിലുമായി പത്തിലേറെ സിനിമകളുടെ നിര്‍മാതാവായി. ആദിയടക്കം ചില സിനിമകളിലൂടെ അഭിനയത്തിലും ഒരു കൈ നോക്കി. കൈവച്ച മേഖലകളിലെല്ലാം നേടിയ വമ്പന്‍ വിജയം റോയ് എന്ന സംരംഭകന് വലിയ ആരാധക പിന്തുണയും നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ പതിമൂന്ന് ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട് സി ജെ റോയിയുടെ അക്കൗണ്ട്. ആത്മവിശ്വാസത്തെക്കുറിച്ചും ഇച്ഛാശക്തിയെ കുറിച്ചുമാണ് എപ്പോഴും റോയ് സംസാരിച്ചിരുന്നത്. വലിയ വെല്ലുവിളികളെ മറികടന്ന് വമ്പന്‍ സാമ്രാജ്യം കെട്ടിപ്പടുത്ത റോയിയുടെ ദാരുണമായ ഈ അന്ത്യത്തിനു പിന്നിലെ കാരണങ്ങള്‍ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് അവിശ്വസനീയമാണ്.

