ഇന്ന് വൈകിട്ട് 3.15നാണ് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്. നാളെ ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും.
ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ വ്യവസായ പ്രമുഖൻ സി ജെ റോയ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് ആരോപണം ഉന്നയിക്കുകയാണ് കോൺഫിഡൻസ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ്. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്നും പ്രകാശ് ആരോപിക്കുന്നു. ഇന്ന് വൈകിട്ട് 3.15നാണ് കോര്‍പറേറ്റ് ഓഫീസിൽ വെച്ച് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്. നാളെ ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. ബൗറിംഗ് ഹോസ്പിറ്റലിൽ വെച്ചായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത് കുമാർ സിംഗ് പറഞ്ഞു. സി.ജെ.റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)



