
തിരുവനന്തപുരം: സീനിയര്‍ അഭിഭാഷകൻ ബെയ്ലിൻ ദാസിന്‍റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകയെ കണ്ടത്. എല്ലാ പിന്തുണയും സര്‍ക്കാര്‍ അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
നിയമവകുപ്പ് വിഷയം ബാർ കൗൺസിലിന്‍റെയും ശ്രദ്ധയിൽപ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന സർക്കാർ ബാർ കൗൺസിലിനോട് ആവശ്യപ്പെടും. നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവമാണ് ശ്യാമിലിയുടെ കാര്യത്തിൽ ഉണ്ടായത്. കുറ്റവാളിയെ ഉടൻ പിടികൂടും. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരും നിയമത്തിന്‍റെ പരിധിയിൽ വരണം.
അങ്ങനെ ആരെങ്കിലും ശ്രമിച്ചെങ്കിൽ അതും നിയമത്തിന്‍റെ പരിധിയിൽ വരും.അഭിഭാഷക സമൂഹം മുഴുവൻ മര്‍ദനമേറ്റ അഭിഭാഷകക്കൊപ്പം നിൽക്കണം. അസാധാരണമായ സംഭവമാണിത്. പൊലീസിനെ തടഞ്ഞത് തെറ്റായ നടപടിയാണ്. മര്‍ദനമേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് മര്‍ദിച്ച സംഭവത്തിൽ നടപടിയുമായി ബാര്‍ കൗണ്‍സിൽ.ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും. ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. അതേസമയം, കേസിൽ പ്രതിയായ ബെയ്ലിൻ ദാസ് ഇപ്പോഴും ഒളിവിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam