Latest Videos

സിബിഐ കേസ് പ്രതി പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത്: വിവാദ നിയമനവുമായി സർക്കാർ

By Web TeamFirst Published Jul 7, 2019, 12:00 AM IST
Highlights

കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. കേസിൽ സിബിഐ അന്വേഷണം നടത്തുകയാണിപ്പോൾ. 

തിരുവനന്തപുരം: സിബിഐ കേസ് പ്രതിക്ക് പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത് സർക്കാർ വീണ്ടും നിയമനം നൽകി. കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്നും അഴിമതി ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ എം ഡി കെ എ രതീഷിന് കളമശ്ശേരിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റർപ്രൂണർഷിപ്പ് ഡെവലപ്‍മെന്‍റിലാണ് (KEID) നിയമനം. സിബിഐ കേസ് വിവരം ഫയലിൽ നിന്ന് ഒഴിവാക്കിയാണ് വ്യവസായ വകുപ്പിന്‍റെ നടപടി. രതീഷിനെതിരായ സിബിഐ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വ്യവസായമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം.

കശുവണ്ടി വികസന കോര്‍പ്പറേഷൻ എംഡിയായിരുന്നപ്പോള്‍ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. കേസിൽ സിബിഐ അന്വേഷണം നടത്തുകയാണിപ്പോൾ. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ കേസെടുത്തത്. അന്ന് രതീഷിനെതിരെ വിജിലന്‍സും അന്വേഷണം തുടങ്ങിയിരുന്നു.

രതീഷിനെ കഴിഞ്ഞ സർക്കാർ കശുവണ്ടി കോർപ്പറേഷൻ എം ഡി സ്ഥാനത്ത് നിന്ന് നീക്കി. ഇതിന് ശേഷം കെഐഇഡിയിൽ നിയമനം നൽകി. വ്യവസായ മന്ത്രിയായി ഇ പി ജയരാജൻ ചുമതലയേറ്റ ശേഷം രതീഷിനെ ഇവിടെ നിന്നും ഒഴിവാക്കി.

പിന്നീട് രതീഷിനെ വിജിലന്‍സ് കുറ്റവിമുക്തനാക്കി. ഇതോടെ എ സി മൊയ്തീൻ വ്യവസായമന്ത്രിയായിരുന്നപ്പോള്‍ രതീഷ് വീണ്ടും കളമശ്ശേരിയിലുള്ള കെഐഇഡിയുടെ സിഇഒയായി. വ്യവസായവകുപ്പ് മന്ത്രിയായി തിരികെയെത്തിയ ഇ പി ജയരാജൻ ഈ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് രതീഷ് ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിനോട് നടപടി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു.

ഇതേത്തുടർന്നാണ് രതീഷിന് വീണ്ടും നിയമനം നൽകിയത്. നിയമവകുപ്പിന്‍റെയും വിജിലൻസിന്‍റെയും റിപ്പോർട്ടുകള്‍ വാങ്ങിയ ശേഷമാണ് നിയമനമെന്ന് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇളങ്കോവൻ പറഞ്ഞു. 

click me!