കോഴിക്കോട്ടെ കോൺ​​ഗ്രസ് ശാപം തീർക്കാൻ കൊയിലാണ്ടിക്കാകുമോ? കോട്ട കാക്കാൻ കെ ദാസൻ, വോട്ട് വിഹിതം വർധിപ്പിക്കാൻ പ്രഫൂൽ കൃഷ്ണൻ

Published : Apr 02, 2026, 07:22 PM IST
Quilandy Assembly Election 2026 Candidates

Synopsis

2006 മുതൽ ഇടതുപക്ഷത്തിൻ്റെ ശക്തികേന്ദ്രമായ കൊയിലാണ്ടിയിൽ ഇത്തവണ പോരാട്ടം കനക്കുകയാണ്. സമീപകാല തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം യുഡിഎഫിന് പ്രതീക്ഷ നൽകുമ്പോൾ, മുൻ എംഎൽഎ കെ ദാസനിലൂടെ മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസിനായി കെ പ്രവീൺ കുമാറും ബിജെപിക്കായി പ്രഫൂൽ കൃഷ്ണനും മത്സരരംഗത്തുണ്ട്.

2006 മുതൽ ഇടതുപക്ഷത്തെ മാത്രം പിന്തുണയ്ക്കുന്ന മണ്ഡലമാണ് കൊയിലാണ്ടി. സിപിഎമ്മും കോൺ​​ഗ്രസും തമ്മിലാണ് മണ്ഡലത്തിൽ മത്സരം നടക്കുന്നത്. 1951-ൽ രൂപീകൃതമായ കാലം മുതൽ ഇടതും വലതും മാറിമാറി വരുന്ന തീക്ഷ്ണമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. കൊയിലാണ്ടി നഗരസഭയും കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, ചേങ്ങോട്ടുകാവ്, മൂടാടി, പയ്യോളി, തിക്കോടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. പി വിശ്വനിലൂടെയാണ് സിപിഎം സ്ഥാനാർഥികൾ ഇവിടെ വിജയിച്ചു തുടങ്ങിയത്. പിന്നീട് കെ ദാസൻ, കാനത്തിൽ ജമീല എന്നിവരിലൂടെ എൽഡിഎഫ് മണ്ഡലം ഇടതുപക്ഷത്തിൻ്റെ കുത്തകയാക്കി മാറ്റുകയായിരുന്നു.

യു‍ഡിഎഫിൻ്റെ പ്രതീക്ഷ

2006 മുതല്‍ കൊയിലാണ്ടിയില്‍ സിപിഎം പ്രതിനിധികളാണ് ജയിച്ച് വരുന്നതെങ്കിലും കഴി‍ഞ്ഞ തദ്ദേശ ലോക്സഭ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം യുഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും 22580 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പിലിന് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളി നഗരസഭയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി പഞ്ചായത്തുകളിലും യുഡിഎഫ് ആണ് മുന്നേറിയത്. കൊയിലാണ്ടി നഗരസഭ, മൂടാടി പഞ്ചായത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് എൽഡിഎഫിന് ഭരണം നിലനിർത്താൻ സാധിച്ചത്. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭ മണ്ഡലത്തിൽ ഉണ്ടാക്കിയ മുന്നേറ്റമാണ് യുഡിഎഫിൻ്റെ പ്രതീക്ഷ.

വോട്ട് ചരിത്രം

2011-ൽ സിപിഐഎമ്മിലെ കെ ദാസൻ കോൺഗ്രസിന്റെ കെപി അനിൽകുമാറിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിർത്തിയത്. 4,139 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ ദാസൻ വിജയിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിലും കെ ദാസൻ വിജയം ആവർത്തിക്കുകയായിരുന്നു. 13,369 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ ദാസൻ എതിർ സ്ഥാനാർഥി എൻ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. 2021ൽ സിപിഎമ്മിലെ കാനത്തിൽ ജമീലയാണ് എൽഡിഎഫിനുവേണ്ടി മത്സരത്തിനിറങ്ങിയത്. 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺ​ഗ്രസ് സ്ഥാനാർഥി എൻ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. എൻഡിഎയെ സംബന്ധിച്ച് 2016നെ അപേക്ഷിച്ച് 2021ല്‍ വോട്ട് കുറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നാണ് കൊയിലാണ്ടി എന്ന പ്രത്യേകതയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ടിപി ജയചന്ദ്രന് 8,086 വോട്ടുകളായിരുന്നു മണ്ഡലത്തിൽനിന്ന് ലഭിച്ചിരുന്നത്. 2016ൽ കെ രജിനേഷ് ബാബു അത് 22,087 ആയി ഉയർത്തി. എന്നാൽ 2021ൽ എൻപി രാധാകൃഷൽണന് 17,555 വോട്ടുകൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ.

സ്ഥാനാർഥികൾ‌

മണ്ഡലം നിലനിർത്താൻ എൽഡിഎഫിനായി ഇത്തവണ മത്സര രംഗത്തുള്ളത് മുൻ എംഎൽഎ കെ ദാസനാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാറാണ് യുഡിഎഫിനായി രം​ഗത്ത് ഇറങ്ങുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് സ്വന്തമായി ഒരു എംഎല്‍എയുണ്ടായിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി, കോഴിക്കോട് -1 മണ്ഡലങ്ങളില്‍ നിന്നായിരുന്നു അവസാനമായി കോൺ​ഗ്രസ് എംഎൽ‌എ ഉണ്ടായിരുന്നത്. ചരിത്രം തിരുത്തിക്കുറിക്കാൻ വേണ്ടി കൂടിയാണ് പ്രവീണ കുമാറിൻ്റെ പോരാട്ടം. പ്രഫൂൽ കൃഷ്ണനിലൂടെ യുവ വോട്ടർമാരെയും സ്വാധീനിച്ച് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിനേക്കാൾ കൂടുതൽ ഇത്തവണ പിടിക്കാൻ സാധിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.

2011ലും 2016ലും മണ്ഡലത്തിൽ തിളക്കമാർന്ന വിജയം നേടിയ കെ ദാസനുള്ളത് എൽഡിഎഫിനായി മണ്ഡലം നിലനിർത്തുക എന്ന ധൗത്യമാണ്. മണ്ഡലം തിരിച്ചു പിടിക്കുകയും കോഴക്കോട് ജില്ലയിൽ ഒരു കോൺ​ഗ്രസ് എംഎൽഎയെങ്കിലും നിലനിർത്തുക എന്ന ധൗത്യമാണ് ഡിസിസി പ്രസിഡൻ്റ് കൂടിയായ അഡ്വ. കെ പ്രവീൺ കുമാറിനുള്ളത്. മണ്ഡലത്തിൽ വോട്ട് വിഹിതം വർധിപ്പിക്കാനും കരുത്ത് കാട്ടനുമാണ് പ്രഫൂൽ കൃഷ്ണയെ എൻഡിഎ രം​ഗത്ത് ഇറക്കിയിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; മിഠായി തെരുവിലെ കെട്ടിടത്തിലാണ് അപകടം, ആർക്കും പരിക്കില്ല
സ്‌ത്രീകൾക്കായി പ്രത്യേക വാഗ്‌ദാനങ്ങൾ; സൗജന്യ യാത്രയും ധനസഹായവും തൊഴിലുറപ്പും; മുന്നണികളുടെ വമ്പൻ പ്രഖ്യാപനങ്ങൾ