K Rail : സിൽവർ ലൈനിൽ ഓൺലൈൻ സംവാദം തുടങ്ങി; ചോദ്യങ്ങൾക്ക് മറുപടിയുമായി കെ റെയിൽ

By Web TeamFirst Published Jun 23, 2022, 4:24 PM IST
Highlights

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ റെയിൽ എംഡി തത്സമയം കെ-റെയില്‍ മറുപടി നല്‍കും. കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തുന്ന സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി പറയുക.

തിരുവനന്തപുരം: കാസർഗോഡ്-തിരുവനന്തപുരം സിൽവർ ലൈൻ അർധ-അതിവേ​ഗ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെ ഓൺലൈൻ സംവാദവുമായി കെ റെയിൽ. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ റെയിൽ എംഡി തത്സമയം കെ-റെയില്‍ മറുപടി നല്‍കും. വൈകിട്ട് നാല് മണി മുതല്‍ ആരംഭിച്ച ഓൺലൈൻ സംവാദത്തില്‍ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തുന്ന സംശയങ്ങള്‍ക്കാണ് കെ റെയില്‍ മറുപടി പറയുക. വി. അജിത് കുമാർ (മാനേജിങ് ഡയറക്ടർ, കെ റെയിൽ) എം. സ്വയംഭൂലിം​ഗം (പ്രോജക്ട് ഡയറക്ടർ, സിസ്ട്ര) എന്നിവരാകും ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്. 

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ  സിൽവർ ലൈനിൽ  കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു. 

Also Read: 'നിലപാടിൽ മാറ്റമില്ല'; സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ

Also Read: കെ റെയിൽ കുറ്റികൾ വീണ്ടും ഇറക്കാൻ ശ്രമം, തടഞ്ഞ് നാട്ടുകാർ, ഇറക്കിയ കുറ്റികൾ വാഹനത്തിൽ തിരിച്ചുകയറ്റി

എന്നാൽ, തൃക്കാക്കര തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ആഘാതത്തോടെ സിൽവർ ലൈൻ നടപ്പാക്കുന്നതിൽ നിലപാട് മയപ്പെടുത്തുന്ന രീതിയാണ് ഇടത് സർക്കാർ സ്വീകരിച്ച് പോന്നത്. ആരെതിർത്താലും കെ റെയിലുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ നിന്നും 'കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടു പോകാനാകൂ' എന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയുമെത്തി. സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കെതിരെ, വികസന പദ്ധതികൾ ജനത്തിന് ബോധ്യപ്പെട്ടില്ലെന്ന തരത്തിൽ ഇടതുമുന്നണിയിൽ നിന്നുതന്നെ വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ 'ബോധവത്ക്കരിക്കൽ' എന്ന നിലപാടിലേക്ക് കെ റെയിലുമെത്തിയത്. 

Also Read: 'സില്‍വര്‍ ലൈന്‍ കുറ്റികള്‍ പൊതുസ്ഥലത്തേക്ക് മാറ്റാനായിരുന്നു ശ്രമം'; വിശദീകരണവുമായി കെ റെയില്‍            

              ജനസമക്ഷം സിൽവർലൈൻ 2.0 ഓൺലൈൻ ലൈവ്

click me!