കൂടുതൽ പരിശോധനയ്ക്കായി ഫോൺ സൈബർ ക്രൈം വിഭാഗത്തിന് ഇന്ന് കൈമാറും. അജീഷിൻറെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു
പാലക്കാട് : പാലക്കാട് മേനോൻപറയിൽ അജീഷ് ശിവൻറെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കൊഴിഞ്ഞാംപാറ പൊലീസിൻറെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. ബന്ധുക്കളിൽ നിന്നും അജീഷിൻറെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രാഥമിക പരിശോധനയിൽ ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നതായി കണ്ടെത്തിയതായി പൊലീസ്. കൂടുതൽ പരിശോധനയ്ക്കായി ഫോൺ സൈബർ ക്രൈം വിഭാഗത്തിന് ഇന്ന് കൈമാറും. അജീഷിൻറെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലോൺ ആപ്പിൻറെ ഭീഷണി മൂലം അജീഷ് ആത്മഹത്യ ചെയ്തെന്നായിരുന്നു കുടുംബത്തിൻറെ പരാതി. അഞ്ച് വർഷത്തിനിടെ പാലക്കാട് മാത്രം ലോൺ ആപ്പിൽ കുരുങ്ങി 9 പേരാണ് ജീവനൊടുക്കിയത്. കോവിഡ് കാലത്ത് സജീവമായ അനധികൃത ലോൺ ആപ്പുകൾ പോലീസ് നീക്കിയിരുന്നു. 2025 നവംബർ മാസത്തോടെ അനധികൃത ലോൺ ആപ്പുകൾ വീണ്ടും സജീവമാകുകയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെന്ന് പാലക്കാട് സൈബർ പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


