പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും ധാരണയായി. പട്ടാമ്പിയിൽ മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്നാണ് ധാരണയായത്.
പാലക്കാട്: പാലക്കാട് സീറ്റുകൾ വെച്ചുമാറാൻ യുഡിഎഫിൽ ധാരണയായി. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും ധാരണയായി എന്നാണ് വിവരം. പട്ടാമ്പിയിൽ മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്നാണ് ധാരണയായത്. കോങ്ങാട് മണ്ഡലത്തിൽ കെപിസിസി ജനറൽ സെക്രട്ടറി തുളസി ടീച്ചർ, രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗൺസിലർ വിപിൻ എന്നിവർ പരിഗണനയിലുള്ളത്. പട്ടാമ്പിയിൽ മുസ്ലിം ലീഗിൽ നിന്നും എം എ സമദിന്റെ പേരാണ് മുൻഗണനയിലുള്ളത്. ലീഗ് ജില്ലാ പ്രസിഡൻ്റ് മരക്കാർ മാരായമംഗലം, അബ്ദുൽ റഷീദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെയാണ് പട്ടാമ്പി മുസ്ലിം ലീഗ് സീറ്റ് ആവശ്യപ്പെടുകയായിരുന്നു.
കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ. ദില്ലിയിലെ ചർച്ചയിലാണ് സുപ്രധാന കാര്യങ്ങളിൽ ധാരണയായത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ സമിതി അധ്യക്ഷനാകാൻ സാധ്യതയുണ്ട്. ചെന്നിത്തലയെ നിർദേശിക്കാൻ സംസ്ഥാന നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. 27ന് തെരഞ്ഞെടുപ്പ് സമിതി ചേരും. അതേസമയം, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സ്ഥാനാർഥിയാകുമെന്നും ഉറപ്പായി. കെപിസിസി അധ്യക്ഷ ചുമതലയിലേയ്ക്ക് കെ സി ജോസഫിനും കൊടിക്കുന്നിലിനുമാണ് പരിഗണന. എംപിമാരായ ആന്‍റോ ആന്‍റണിയെയും ഷാഫിയെയും പരിഗണിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.


