ബിജെപിയുമായുള്ള ഒത്തുകളി പുറത്തായിട്ടും സിപിഎമ്മിനെ എന്തിനാണ് സിപിഐ ചുമക്കുന്നത്; ചോദ്യവുമായി കെ സുധാകരന്‍

Published : Jan 31, 2023, 06:45 PM IST
ബിജെപിയുമായുള്ള ഒത്തുകളി പുറത്തായിട്ടും സിപിഎമ്മിനെ എന്തിനാണ് സിപിഐ ചുമക്കുന്നത്; ചോദ്യവുമായി കെ സുധാകരന്‍

Synopsis

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിന്‍റെ ഭാഗമായത് മുതല്‍ സി പി ഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വ്വമായ നിരവധി ശ്രമങ്ങള്‍ സി പി എം നടത്തിയിട്ടുണ്ട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനെ ബി ജെ പി - ആര്‍ എസ് എസ് പ്രവ‍ർത്തകർ ആക്രമിച്ച കേസിൽ സി പി എം പ്രവർത്തകർ കൂറുമാറിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. ബി ജെ പിയുമായുള്ള സി പി എമ്മിന്‍റെ ഒത്തുകളിയാണ് കൂറുമാറ്റമെന്നും ഈ ഒത്തുകളി പുറത്തായിട്ടും സി പി ഐ എന്തിനാണ് സി പി എമ്മിനെ ചുമക്കുന്നതെന്നും സുധാകരൻ ചോദിച്ചു. സംഭവത്തിൽ കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സി പി ഐ നേതൃത്വം തയ്യാറാകണമെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു.

തീവ്ര ന്യൂനമർദ്ദം, കാലാവസ്ഥ മോശമാകും; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെല്ലാം മടങ്ങിവരാൻ അറിയിപ്പ്

സുധാകരന്‍റെ വാക്കുകൾ

മുന്‍ മന്ത്രിയും എം എല്‍ എയും സൗമ്യശീലനും ജനകീയനും സി പി ഐ അസി. സെക്രട്ടറിയുമായ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബി ജെ പി, ആര്‍ എസ് എസ് പ്രതികള്‍ക്ക് വേണ്ടി സി പി എം നടത്തിയ ഒത്തുകളി പുറത്തായ സഹാചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ സി പി ഐ നേതൃത്വം തയ്യാറാകണം. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിന്‍റെ ഭാഗമായത് മുതല്‍ സി പി ഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂര്‍വ്വമായ നിരവധി ശ്രമങ്ങള്‍ സി പി എം നടത്തിയിട്ടുണ്ട്. സി പി ഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകള്‍ക്കെതിരെ സി പി എം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്‍റെ ഭാഗമാണ്. കോട്ടയത്ത് പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങിയ സി പി എമ്മാണ് സി പി ഐ തള്ളിപ്പറഞ്ഞത്. തുടര്‍ച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സി പി ഐ, സി പി എമ്മിനെ ചുമക്കുന്നതെന്തിന് മനസിലാകുന്നില്ല.

ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സി പി ഐ നേതാവ് ഇ ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞതിന് പിന്നില്‍ സി പി എം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്. കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെയാണ് 2016 ല്‍ അദ്ദേഹത്തെ ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച സി പി എം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗവും പൊലീസിന് ഒപ്പിട്ട് നല്‍കിയ മൊഴികളില്‍ ബി ജെ പി പ്രവര്‍ത്തകരുടെ പേരുള്‍പ്പടെ പറഞ്ഞിരുന്നു. എന്നാല്‍ ബി ജെ പിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സി പി എം മൊഴി അട്ടിമറിച്ചത്. അതിന് കാരണം വധശ്രമക്കേസില്‍ നിന്നും സി പി എം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 11 പേരെ രക്ഷിക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ സമീപകാലത്ത് വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതില്‍ നിന്ന് തന്നെ സി പി എമ്മിനും ബി ജെ പിക്കുമുള്ള ഗാഢമായ ബന്ധം വ്യക്തമാണ്.

സി പി എമ്മും ആര്‍ എസ് എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം. സംഘപരിവാരങ്ങള്‍ക്ക് വിടുപണിചെയ്യുന്ന സി പി എം ന്യൂനപക്ഷരക്ഷ കവചം സ്വയം ചാര്‍ത്തി അവരെ തുടര്‍ച്ചയായി വഞ്ചിക്കുകയാണ്. കേരളത്തില്‍ ആര്‍ എസ് എസിന്റെ സംരക്ഷകര്‍ സി പി എമ്മാണ്. അതിനാലാണ് എല്‍ ഡി എഫിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ നേതാവ് ഇ ചന്ദ്രശേഖരനെ ആക്രമിച്ച ബി ജെ പിക്കും ആര്‍ എസ് എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സി പി എം നേതാക്കള്‍ കോടതിയില്‍ കൂറുമാറിയതെന്നും സുധാകരന്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും