
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നാവർത്തിച്ച് കോൺഗ്രസ് എംപി കെ സുധാകരൻ. ചെത്തുകാരൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ. രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
"ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്തു തൊഴിലാണെടുത്തത്, അതിൽ എന്താണ് അപമാനം. ഞാനെവിടെയാണ് ജാതി പറഞ്ഞത്. എ കെ ബാലനുമൊക്കെ ഇപ്പോ രംഗത്തിറങ്ങിയിട്ടുണ്ട്. എത്ര ദിവസം കഴിഞ്ഞാണെന്ന് ഓർമ്മ വേണം നിങ്ങൾക്ക്. ചൊവ്വാഴ്ച ചാനലിൽ വന്ന എന്റെ പ്രസംഗത്തിന് സിപിഎമ്മുകാർ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. ഈ രണ്ടു ദിവസം അവർ ഉറങ്ങിയോ. രണ്ട് ദിവസം കഴിഞ്ഞ് അവർക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോൾ ഉസ്മാൻ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിൽ ഇടപെട്ടു. എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഞാനത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞതും തിരുത്തി. പാർട്ടിയ്ക്കകത്ത് അക്കാര്യത്തിൽ ഞാൻ സംതൃപ്തനാണ്.
ആദരണീയയായ ശ്രീമതി ഗൗരിയമ്മയെ ചോവോത്തി എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടില്ലേ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ കുട്ടപ്പനെ ഹരിജൻ കുട്ടപ്പനെന്ന് വിളിച്ചിട്ടില്ലേ നായനാർ. ഷാനിമോൾ ഉസ്മാനെയും ലതികാ സുഭാഷിനെയും അപമാനിച്ചിട്ടില്ലേ. രമ്യാ ഹരിദാസിനെ എ വിജയരാഘവൻ അധിക്ഷേപിച്ചിട്ടില്ലേ. ആരെങ്കിലും തിരുത്തിയോ. നികൃഷ്ട ജീവിയെന്ന് വിളിച്ച് ബിഷപ് സമൂഹത്തെ അപമാനിച്ച ഈ മുഖ്യമന്ത്രി എന്ത് ആദരവാണ് അർഹിക്കുന്നത്. " സുധാകരൻ ചോദിച്ചു.
Read Also: സുധാകരനെ പിന്തുണച്ച് കെ സി വേണുഗോപാൽ, നാടൻ പ്രയോഗം മാത്രമെന്ന് പ്രതികരണം...
അതേസമയം, കെ സുധാകരൻ ഉന്നയിച്ച വിവാദ പരാമർശത്തിനെതിരായ പ്രതികരണത്തിൽ ഷാനിമോൾ ഉസ്മാൻ ക്ഷമാപണം നടത്തി . വിവാദ പരാമർശം കോൺഗ്രസിൽ തന്നെ കലാപമായി മാറിയതോടെയാണ് സുധാകരനുണ്ടായ വിഷമത്തിൽ ഷാനിമോൾ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. നേരത്തെ സുധാകരന്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചിരുന്നു.
Read Also: അച്ഛൻ ചെത്ത് തൊഴിലാളിയായത് തെറ്റാണോ? സുധാകരന് പിണറായിയോട് വെറുപ്പാണെന്ന് എകെ ബാലൻ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam