മാറി മാറി വന്ന സർക്കാരുകൾ ശ്രദ്ധിക്കാത്ത വിഭാഗമാണ് നാടാർ വിഭാഗമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ എംപി കണ്ണൂരിൽ നടത്തിയ ചെത്ത്തൊഴിലാളി പ്രസ്താവനയിൽ പിടിച്ച് സിപിഎം. അച്ഛൻ ചെത്ത് തൊഴിലാളിയായത് പിണറായിയുടെ തെറ്റാണോയെന്നും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്ററിൽ പോകാൻ പാടില്ലെന്നത് അധമബോധമാണെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. ബിഷപ്പ് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്നും മന്ത്രി കുറ്രപ്പെടുത്തി. സുധാകരനെ കാണുമ്പോൾ മുട്ട് വിറയ്ക്കുന്ന കോൺഗ്രസ്‌കാരുണ്ട്. സുധാകരൻ അങ്ങനെ പറയാൻ പാടില്ലെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസുകാർ കാട്ടണം. കൊവിഡ് വഹിച്ചു കൊണ്ടാണ് ചെന്നിത്തലയുടെ ജാഥ. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ കോൺഗ്രസിന് ഉള്ള സ്വാധീനം കൂടി പോകും. ഐശ്വര്യയാത്ര കഴിയുമ്പോൾ കഴിയുമ്പോൾ കേരളം റെഡ് സോൺ ആകുമെന്നും മന്ത്രി പറഞ്ഞു.

മാറി മാറി വന്ന സർക്കാരുകൾ ശ്രദ്ധിക്കാത്ത വിഭാഗമാണ് നാടാർ വിഭാഗമെന്ന് മന്ത്രി പറഞ്ഞു. അർഹതപെട്ടവർക്ക് സംവരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായുള്ള ആവശ്യമാണ് നാടാർ സംവരണമെന്ന് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പിന്നീട് പ്രതികരിച്ചു. എല്ലാവർക്കും സംവരണം ലഭിക്കണം എന്നതായിരുന്നു ആവശ്യം. സർക്കാരിന്റെ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.