Asianet News MalayalamAsianet News Malayalam

സുധാകരനെ പിന്തുണച്ച് കെ സി വേണുഗോപാൽ, നാടൻ പ്രയോഗം മാത്രമെന്ന് പ്രതികരണം

സുധാകരന്റെ വിശദീകരണം വിശ്വസിക്കാനാണ് താൽപ്പര്യം. വിവാദം അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു. 

kc venugopal support k sudhakaran on pinarayi vijayan controversy
Author
Kozhikode, First Published Feb 5, 2021, 11:23 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് എംപി കെ സുധാകരൻ ഉന്നയിച്ച വിവാദ പരാമർശങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ കലാപമായതോടെ വിഷയം തണുപ്പിക്കാൻ നേതാക്കൾ. സുധാകരന്റെ പ്രതികരണത്തിൽ ജാതി അധിക്ഷേപമില്ലെന്നും നാടൻ പ്രയോഗം മാത്രമാണെന്നുമാണ് കെസി വേണുഗോപാൽ പ്രതികരിച്ചു. നേതാക്കളോട് പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് പലകുറി നിർദ്ദേശം നൽകിയിരുന്നു. ഇനിയാരും അത്തരത്തിൽ പ്രതികരിക്കാൻ മുതിരില്ലെന്നാണ് കരുതുന്നത്. സുധാകരന്റെ വിശദീകരണം വിശ്വസിക്കാനാണ് താൽപ്പര്യം. വിവാദം അവസാനിപ്പിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമർശത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുന്ന കെ സുധാകന്റെ ജനപിന്തുണ പരിഗണിച്ചാണ് കോൺഗ്രസ് വിഷയത്തിൽ അയഞ്ഞതെന്നാണ് വിവരം. വിവാദത്തിന് പിന്നിൽ പാർട്ടിയിലുള്ള ചിലർ തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവർ' ചർച്ചയിൽ തുറന്നടിച്ച സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും ഷാനിമോൾ ഉസ്മാനും എതിരായ വിമർശനങ്ങളിലും ഉറച്ചു നിന്നിരുന്നു.

ഇതോടെ ചെന്നിത്തല വിഷയത്തിൽ മലക്കംമറിഞ്ഞു. സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെക്കുറിച്ചാണെന്നും സുധാകരന്‍ ആരെയും ആക്ഷേപിക്കുന്ന ആളാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ  പിന്നീടുള്ള പ്രതികരണം. ഫേസ്ബുക്കിലൂടെ ഷാനിമോൾ ഉസ്മാൻ പരസ്യമായി സുധാകരനോട് ക്ഷമാപണവും നടത്തി.  

അതേ സമയം വിവാദം കോൺഗ്രസിനുള്ളിലേക്ക് മാറിയതോടെ സിപിഎം കൂടുതൽ പ്രതികരണത്തിനില്ലാതെ കാഴ്ചക്കാരായി മാറി നിൽക്കുകയാണ്. ചെന്നിത്തല നയിക്കുന്ന കേരള യാത്രക്ക് വടക്കൻ കേരളത്തിൽ താരതമ്യേനെ നല്ല പ്രതികരണമുണ്ടാക്കാൻ സാധിച്ചിരുന്നു. എന്നാൽ അതിനിടെയുണ്ടായ ഈ വിവാദം യാത്രക്ക് ക്ഷീണമാകുമെന്നും തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് സിപിഎം കണക്കുകൂട്ടൽ. 

Follow Us:
Download App:
  • android
  • ios